ഇടുക്കി ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ: ഉദ്ഘാടനം ചെറുതോണിയിൽ

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും (DTPC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21-ന് ചെറുതോണിയിൽ തുടക്കമാകും. ആഘോഷങ്ങളുടെ ജില്ലാതല സമാപനം സെപ്റ്റംബർ 5-ന് തൊടുപുഴയിൽ നടക്കും. 21-ന് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘവും അണിനിരക്കുന്ന വർണ്ണാഭമായ ഓണം ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമിടുന്നത്.

പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും ആഘോഷങ്ങൾ സംഘടിപ്പിക്കും. മൂന്നാർ, ചെറുതോണി, കുമളി, രാജക്കാട്, തൊടുപുഴ എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുക. ആഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21 മുതൽ 31 വരെ പൊതുജനങ്ങൾക്ക് ഇടുക്കി ഡാം സന്ദർശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ ഡാമിൽ പ്രകാശാലങ്കാരവും കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഭക്ഷ്യമേളയും ഉണ്ടായിരിക്കും. പരിപാടികൾ പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക. സംഘാടനത്തിനായി 15.50 ലക്ഷം രൂപയാണ് സർക്കാർ ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്.

റോയ് കെ. പൗലോസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിലാണ് സംഘാടനവുമായി ബന്ധപ്പെട്ട ആലോചനാ യോഗം ചേർന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *