കുടയത്തൂരിലെ അനധികൃത ഖനനം, ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി; ക്രിമിനൽ നടപടിക്ക് നിർദ്ദേശം

തൊടുപുഴ: കുടയത്തൂരിൽ മുമ്പ് ഉരുൾപൊട്ടലുണ്ടായ അതീവ ദുരന്തസാധ്യതാ മേഖലയ്ക്ക് സമീപം പൊതു അവധി ദിവസങ്ങളുടെ മറവിൽ വൻതോതിൽ അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പ്രദേശത്തെ അനധികൃത ഖനനം നാട്ടുകാരുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിർണ്ണായക ഇടപെടൽ.

സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് സംയുക്ത പരിശോധന നടത്താൻ ജില്ലാ ജിയോളജിസ്റ്റിനും തൊടുപുഴ തഹസിൽദാർക്കും കളക്ടർ കർശന നിർദ്ദേശം നൽകി. ഖനനം മൂലം പ്രദേശത്തുണ്ടായിട്ടുള്ള ദുരന്ത സാധ്യത സമഗ്രമായി വിലയിരുത്തി റിപ്പോർട്ട് നൽകാനും, മാനദണ്ഡങ്ങളും അനുമതികളുമില്ലാതെയാണ് മണ്ണെടുപ്പും ഖനനവും നടത്തിയതെന്ന് വ്യക്തമായാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അനുമതിയില്ലാതെ ഭൂമി തരംമാറ്റാനോ ഖനനം നടത്താനോ ശ്രമം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥലമുടമയ്ക്കുമെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണം. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റിക്ക് സമഗ്ര റിപ്പോർട്ട് നൽകാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *