അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലഡൽഫിയയിൽ പിസ ഡെലിവറി ജോലിക്കിടെ 28-കാരനായ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അൻഷുൽ കുഞ്ച ആണ് കൊല്ലപ്പെട്ടത്. ഫിലഡൽഫിയയിലെ നോർത്ത് ഫിലഡൽഫിയ മേഖലയിലുള്ള റെയ്മണ്ട് റോസൻ ഹോംസ് ഹൗസിംഗ് കോംപ്ലക്സിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, അൻഷുൽ ഒരു പിസ ഓർഡർ എത്തിച്ച ശേഷം തലയിൽ വെടിയേൽക്കുകയായിരുന്നു. ഡെലിവറി നൽകിയ വിലാസം പിന്നീട് ഒഴിഞ്ഞുകിടക്കുന്ന ഒരു ഫ്ലാറ്റാണെന്ന് കണ്ടെത്തി. അതിനാൽ വ്യാജ ഓർഡർ നൽകി യുവാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഓർഡർ നൽകിയ ഫോൺ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ അൻഷുലിനെ രണ്ട് പേർ പിന്തുടരുന്നതായി കാണുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പ്പ് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിന് മുൻപുള്ള ചലനങ്ങൾ ക്യാമറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2023-ൽ എംബിഎ പഠനത്തിനായി അമേരിക്കയിലെത്തിയ അൻഷുൽ, ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം അധിക വരുമാനത്തിനായി പാർട്ട് ടൈം പിസ ഡെലിവറി ജോലിയും ചെയ്തുവരികയായിരുന്നു. കുടുംബാംഗങ്ങൾ ഈ ആക്രമണം ആസൂത്രിതമായ കുടുക്കായിരുന്നുവെന്ന് ആരോപിച്ചു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

