വെനസ്വേലയ്ക്ക് ഇന്ത്യയുടെ സഹായം; ‘ഓപ്പറേഷൻ അമിസ്താദ്’ പ്രകാരം രക്ഷാസാമഗ്രികൾ എത്തിച്ചു

ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന വെനസ്വേലയ്ക്ക് ഇന്ത്യ മാനുഷിക സഹായം എത്തിച്ചു. ‘ഓപ്പറേഷൻ അമിസ്താദ്’ എന്ന പേരിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് C-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി സൈന്യത്തിന്റെ ഫീൽഡ് ആശുപത്രി, മരുന്നുകൾ, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ, 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ എന്നിവ വെനസ്വേലയിലെത്തി.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സാമൂഹ്യമാധ്യമത്തിലൂടെയാണ് സഹായ ദൗത്യത്തിന്റെ വിവരം അറിയിച്ചത്. ദുരിതബാധിതരായ വെനസ്വേലൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അമിസ്താദ്’ എന്നത് സ്പാനിഷിൽ ‘സൗഹൃദം’ എന്നാണ് അർഥം.

ഭൂചലനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *