ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറി’ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ शक्तिപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, ഐ ഓ സി നേതാക്കളായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് നന്ദി പ്രകാശിപ്പിച്ചു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ – യൂത്ത് വിങ്ങുകളുടെ രൂപീകരണ പ്രഖ്യാപനവും നടന്നു. തെരഞ്ഞെടുക്കപ്പെട്ട കോർഡിനേറ്റർമാർക്ക് ഡോ. മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി. ചടങ്ങുകളോടനുബന്ധിച്ച് ‘പുതുയുഗ കേരളം 2026’ എന്ന് അലേഖനം ചെയ്ത കേക്ക് മുറിക്കുകയും വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറുകയും ചെയ്തു. മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നൃത്തോപഹാരവും ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ ഗാനോപഹാരവും ഡി ജെയും സംഗമത്തിന് മാറ്റുകൂട്ടി.
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഓൾഡ്ഹാം എൻ എച് എസിലെ നേഴ്സ് ആശ ചെറിയാൻ, സ്കോട്ട്ലാൻഡിലെ സാമൂഹിക പ്രവർത്തകൻ സുനിൽ കെ ബേബി, എഡിൻബറോയിലെ ഡയാന പോളി എന്നിവർ കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. പീറ്റർബോറോ യൂണിറ്റ്, ബോൾട്ടൻ യൂണിറ്റ്, സ്കോട്ട്ലാൻഡ് യൂണിറ്റ്, ബാൺസ്ലി യൂണിറ്റ് എന്നിവ സംഘടനാശ്രേഷ്ഠ പുരസ്കാരവും ഏറ്റുവാങ്ങി. ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ മകൾ നേഹാൽ ജഗൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രത്തിന്റെ അനാഛാദനവും ചടങ്ങിൽ നടന്നു.
മുതിർന്ന നേതാക്കളായ പുഷ്പരാജൻ, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യൻ, ബെന്നി ജോസഫ്, സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ജോഷി വർഗീസ്, ബാൺസ്ലി യൂണിറ്റിന്റെ രക്തദാന വോളന്റിയർമാരായ ബിബിൻരാജ് കുരീക്കൻപാറ, രാജുൽ രമണൻ, വിനീത്, സംഘാടക സമിതി പ്രതിനിധികളായ ജിതിൻ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാർ, പുതിയ വനിതാ-യൂത്ത് കോർഡിനേറ്റർമാർ എന്നിവരെ ഡോ. മറിയ ഉമ്മൻ വേദിയിൽ ആദരിച്ചു. സ്നേഹവിരുന്നോടെയാണ് കുടുംബസംഗമം സമാപിച്ചത്

