യുദ്ധക്കളത്തിൽ പരാജയപ്പെട്ട ശത്രുക്കൾ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു: ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി

ടെഹ്‌റാൻ: യുദ്ധക്കളത്തിൽ ലക്ഷ്യങ്ങൾ നേടാനാകാതെ പരാജയപ്പെട്ട ഇറാന്റെ ശത്രുക്കൾ ഇപ്പോൾ ജനങ്ങളുടെ മനോവീര്യം തകർക്കാനും രാജ്യത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുകയാണെന്ന് ഇറാന്റെ പരമാധികാര നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. ഇറാന്റെ ഇസ്‌ലാമിക വിപ്ലവ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് അയച്ച രേഖാമൂലമുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയും ഇസ്രായേലും അടങ്ങുന്ന സഖ്യം മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ടതായും ഖമേനി അവകാശപ്പെട്ടു. സൈനികമായി പരാജയപ്പെട്ടതോടെ ശത്രുക്കൾ ഇപ്പോൾ ഇറാന്റെ ആഭ്യന്തര തളർച്ച ലക്ഷ്യമിട്ട് ഹൈബ്രിഡ് യുദ്ധമുറകളാണ് സ്വീകരിക്കുന്നത്. ഇറാനിയൻ ജനങ്ങൾക്കിടയിൽ സംശയവും നിരാശയും ഭയവും അവിശ്വാസവും വിതയ്ക്കാനാണ് അവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾ പൂർണ്ണമായും ശത്രുക്കളുടെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഹ്യസമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്ത് ദേശീയ ഐക്യവും ദൃഢതയും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്കിടയിൽ നിരാശയോ നിഷേധാത്മക ചിന്തകളോ ഉണ്ടാക്കുന്ന തരത്തിലുള്ള ഏതൊരു പ്രവർത്തനവും ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിൽ കടുത്ത പ്രാദേശിക സംഘർഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും തുടരുന്നതിനിടയിലാണ് ഇറാൻ ജനതയോട് ഐക്യത്തോടെയിരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പരമാധികാര നേതാവിന്റെ സന്ദേശം പുറത്തുവന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *