പസഫിസ്റ്റ് ഭരണഘടന ഭേദഗതി ചെയ്യാൻ ജപ്പാൻ; രാജ്യവ്യാപകമായി വൻ പ്രതിഷേധം

ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടരുന്ന സമാധാനാധിഷ്ഠിതമായ (പസഫിസ്റ്റ്) ഭരണഘടന ഭേദഗതി ചെയ്യാനുള്ള പ്രധാനമന്ത്രി സനാത തകൈച്ചിയുടെ നീക്കത്തിനെതിരെ ജപ്പാനിൽ വൻ ജനകീയ പ്രതിഷേധം. ഭരണഘടനാ സ്മരണ ദിനമായ ഞായറാഴ്ച ടോക്കിയോയിലെ ഒരു പാർക്കിൽ മാത്രം ഏകദേശം 50,000 പേരാണ് ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടിയത്.

ഭരണഘടന നിലവിൽ വന്നിട്ട് 79 വർഷം തികയുമ്പോഴും ഇതിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് ഭരണഘടന പരിഷ്കരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. പ്രത്യേകിച്ചും ഉത്തരകൊറിയയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സുരക്ഷാ ഭീഷണികൾ നേരിടാൻ നിലവിലെ നിയമങ്ങൾ തടസ്സമാണെന്ന് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ (LDP) തീവ്ര യാഥാസ്ഥിതിക വിഭാഗം വാദിക്കുന്നു. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നത് വിലക്കുന്ന ‘ആർട്ടിക്കിൾ 9’ ഭേദഗതി ചെയ്യാനാണ് സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തുന്ന അനാവശ്യ യുദ്ധങ്ങളിൽ നിന്ന് ജപ്പാനെ ഇതുവരെ അകറ്റിനിർത്തിയത് ഈ സമാധാന ഭരണഘടനയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധത്തിനായി നീക്കിവെക്കുന്ന പണം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകൈച്ചി ഭരണകൂടം അമേരിക്കയെ അന്ധമായി അനുകരിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

ഭരണഘടനയിൽ മാറ്റം വരുത്തുന്നതിന് ജാപ്പനീസ് പാർലമെന്റിന്റെ രണ്ട് സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. കൂടാതെ ദേശീയ ഹിതപരിശോധനയിൽ ഭൂരിപക്ഷവും ആവശ്യമാണ്. വിഷയത്തിൽ ജപ്പാനിലെ ജനങ്ങൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.

വിയറ്റ്നാം സന്ദർശനത്തിനിടെ സംസാരിച്ച തകൈച്ചി, ഭരണഘടന ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ പൂർത്തിയാക്കി തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിരോധം, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി അവർ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *