ബ്രസ്സൽസ്: വൈദ്യശാസ്ത്ര ലോകത്ത് വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന ഒരു കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കുട്ടിക്കാലത്ത് ശീതികരിച്ചു വെച്ച (Cryopreservation) വൃഷണ കോശങ്ങൾ 16 വർഷങ്ങൾക്ക് ശേഷം പുനർനിക്ഷേപം ചെയ്തതിലൂടെ ഒരു യുവാവിൽ ബീജം ഉൽപ്പാദിപ്പിക്കാൻ സാധിച്ചു. ലോകത്ത് ഇതാദ്യമായാണ് പ്രായപൂർത്തിയാകുന്നതിന് മുൻപ് ശേഖരിച്ച കോശങ്ങൾ ഉപയോഗിച്ച് മുതിർന്ന ഒരാളിൽ ബീജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെടുന്നത്.
നിലവിൽ 27 വയസ്സുള്ള യുവാവ് തന്റെ പത്താം വയസ്സിലാണ് വൃഷണ കോശങ്ങൾ ശീതികരിച്ചു വെച്ചത്. സിക്കിൾ സെൽ അനീമിയ ചികിത്സയുടെ ഭാഗമായി നൽകുന്ന കീമോതെറാപ്പി വന്ധ്യതയ്ക്ക് കാരണമാകുമെന്നതിനാലാണ് അന്ന് ഈ മുൻകരുതൽ സ്വീകരിച്ചത്. മുതിർന്നവർക്ക് ബീജം ശേഖരിച്ചു വെക്കാൻ സാധിക്കുമെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ഇതിന് സാധിക്കില്ല എന്നതായിരുന്നു ഇതുവരെയുള്ള വെല്ലുവിളി.
കഴിഞ്ഞ വർഷം യുവാവിന്റെ വൃഷണത്തിനുള്ളിൽ കോശങ്ങൾ തിരികെ നിക്ഷേപിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പക്വതയാർന്ന ബീജങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ലാബിൽ നടത്തിയ വിശകലനത്തിൽ ഈ ബീജങ്ങൾ കാഴ്ചയിൽ സാധാരണ നിലയിലുള്ളതാണെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ എല്ലെൻ ഗൂസെൻസ് വ്യക്തമാക്കി.ഈ ബീജങ്ങൾ ഉപയോഗിച്ച് ഒരു അണ്ഡത്തെ ബീജസങ്കലനം നടത്താൻ സാധിക്കുമോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കും.
ലോകമെമ്പാടുമുള്ള 3,000-ത്തോളം രോഗികൾ ഇതിനകം തന്നെ ഇത്തരത്തിൽ കോശങ്ങൾ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ ചികിത്സകൾക്ക് വിധേയരാകുന്ന കുട്ടികൾക്ക് ഭാവിയിൽ സ്വന്തം കുഞ്ഞുങ്ങൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ കണ്ടെത്തൽ വലിയ പ്രതീക്ഷ നൽകുന്നു. ബെൽജിയത്തിലെ വ്രിജെ യൂണിവേഴ്സിറ്റി ബ്രസ്സൽസിലെ ഗവേഷകരാണ് ഈ നിർണ്ണായക നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്

