ജോനാഥൻ ഡേവിഡിന്റെ ഹാട്രിക്ക്; ഖത്തറിനെ തകർത്ത് കാനഡയുടെ ചരിത്രജയം

2026 ഫിഫ ലോകകപ്പിൽ ആതിഥേയരായ കാനഡയ്ക്ക് ചരിത്രവിജയം. ഗ്രൂപ്പ് ബി മത്സരത്തിൽ ഒമ്പത് പേരായി ചുരുങ്ങിയ ഖത്തറിനെ 6-0ന് തകർത്താണ് കാനഡ ലോകകപ്പ് ഫൈനൽസിലെ ആദ്യ ജയം സ്വന്തമാക്കിയത്. മുന്നേറ്റനിര താരം ജോനാഥൻ ഡേവിഡ് ഹാട്രിക്ക് നേടി വിജയത്തിലെ താരമായി.

വാങ്കൂവറിൽ നടന്ന മത്സരത്തിൽ 16-ാം മിനിറ്റിൽ സൈൽ ലാറിൻ കാനഡയ്ക്ക് ലീഡ് നൽകി. തുടർന്ന് ജോനാഥൻ ഡേവിഡ് മൂന്ന് ഗോളുകൾ നേടി. നാഥൻ സലിബ ഒരു ഫ്രീകിക്കിലൂടെ വലകുലുക്കിയപ്പോൾ ഒരു ഗോൾ ഖത്തർ താരത്തിന്റെ സെൽഫ് ഗോളായിരുന്നു.

രണ്ടാം പകുതിയിൽ ഹോമം അഹമ്മദ്, അസിം മദീബോ എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഖത്തർ ഒമ്പത് പേരായി ചുരുങ്ങി. അതേസമയം മദീബോയുടെ ടാക്കിളിൽ കാനഡയുടെ മധ്യനിര താരം ഇസ്മായേൽ കോനെക്ക് ഗുരുതരമായി കാലൊടിഞ്ഞത് വിജയത്തിന്റെ തിളക്കം മങ്ങിച്ചു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുമായി കാനഡ ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡ സ്വിറ്റ്സർലൻഡിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *