തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ കാർഷിക അവബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ‘കതിര്’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10.30-ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും.
വരുന്ന ഓണക്കാലത്ത് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും സംസ്ഥാനത്ത് തന്നെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക യജ്ഞത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കുന്നതാണ്. ചടങ്ങിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. കൂടാതെ, മികച്ച കുട്ടിക്കർഷകരെയും മാതൃകാ കർഷകരെയും ചടങ്ങിൽ വെച്ച് ആദരിക്കുമെന്നും നിയമസഭാ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ മുഖ്യതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ വകുപ്പ് മന്ത്രിമാർ, എം.എൽ.എമാർ, കർഷകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം തലസ്ഥാനത്തെ അഞ്ച് വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഈ ഹരിത സംഗമത്തിൽ പങ്കാളികളാകും. ഇതേ സമയത്തു തന്നെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഫലവൃക്ഷത്തൈകൾ നടുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായാണ് കതിര് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ഓരോ ക്ലബ്ബിനും നേതൃത്വം നൽകാൻ നോഡൽ അധ്യാപകരെ നിയോഗിക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾതല സമിതികളും നിലവിൽ വരും. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
‘പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കും ഭാവിക്കുമായി പ്രവർത്തിക്കുക’ എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള വിപുലമായ ജനകീയ ഇടപെടലായിരിക്കും ഈ പദ്ധതിയെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

