രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ ലോകപ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രത്തിന്റെ നട തീർത്ഥാടകർക്കായി ഇന്ന് തുറന്നു. അക്ഷയതൃതീയ ദിനമായ ഇന്ന് രാവിലെ എട്ട് മണിയോടെ വൈദിക ചടങ്ങുകളോടും മന്ത്രോച്ചാരണങ്ങളോടും കൂടിയാണ് ക്ഷേത്ര കവാടങ്ങൾ ഭക്തർക്കായി തുറന്നുകൊടുത്തത്. ഇതോടെ ഈ വർഷത്തെ ചാർധാം യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഏകദേശം 51 ക്വിന്റൽ പൂക്കളാലാണ് ക്ഷേത്രവും പരിസരവും അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചടങ്ങിൽ സന്നിഹിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ആദ്യ പൂജ നിർവ്വഹിച്ചു. മഞ്ഞുവീഴ്ചയെയും കഠിനമായ തണുപ്പിനെയും അവഗണിച്ച് ആയിരക്കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ തന്നെ ദർശനത്തിനായി ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.

ശീതകാല വസതിയായ ഉഖീമഠിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട പഞ്ചമുഖി ഡോളി (പല്ലക്ക്) കഴിഞ്ഞ ദിവസമാണ് കേദാർനാഥിലെത്തിയത്. ക്ഷേത്ര കവാടം തുറന്നതോടെ ഹിമാലയൻ താഴ്‌വരകളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ വർഷത്തെ ചാർധാം യാത്രയിൽ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും ബി.കെ.ടി.സി (ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി)യും ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് റീൽസുകൾ ചിത്രീകരിക്കുന്നതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഇത്തവണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

