കോഴിക്കോട്: സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ മാതൃകയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ സേവനങ്ങൾ ലോകമെമ്പാടും ഏറെ പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ പ്രചാരണത്തിന്റെ ഭാഗമായുള്ള ‘യുവസംഗമം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ഐ.എം കോഴിക്കോട് ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യുവ പ്രതിനിധികളുമായി ഗവർണർ സംവദിച്ചു. ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിൽ നിന്നുള്ള 33 യുവ പ്രതിനിധികളാണ് ഈ സമ്പർക്ക പരിപാടിയുടെ ഭാഗമായി കേരളത്തിൽ എത്തിയിട്ടുള്ളത്. സാംസ്കാരിക കൈമാറ്റവും ദേശീയ ഒരുമയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം സംരംഭങ്ങൾ യുവതലമുറയ്ക്ക് രാജ്യത്തിന്റെ വൈവിധ്യങ്ങളെ അടുത്തറിയാൻ വലിയ അവസരമാണ് ഒരുക്കുന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഐ.ഐ.എം ഡയറക്ടർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു

