വാഷിംഗ്ടൺ: രോഗിയുടെ സാന്നിധ്യത്തിൽ നേരിട്ട് നടത്തുന്ന ഹ്രസ്വമായ പ്രാർത്ഥനകൾ ശരീരവേദനയും മാനസികമായ ഉത്കണ്ഠയും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘ദ അനൽസ് ഓഫ് ഫാമിലി മെഡിസിൻ’ (The Annals of Family Medicine) പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. പ്രാർത്ഥനയിലൂടെ രോഗശാന്തി ലഭിച്ചവരിൽ മറ്റ് നിയന്ത്രിത ഗ്രൂപ്പുകളെ അപേക്ഷിച്ച് മികച്ച പുരോഗതി രേഖപ്പെടുത്തിയതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ചികിത്സ തേടിയെത്തിയ ഒരു കൂട്ടം ആളുകളിൽ പ്രാർത്ഥനയും, മറ്റൊരു കൂട്ടരിൽ സംഗീതവും പരീക്ഷണാർത്ഥം നൽകിയാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പ്രാർത്ഥനയിൽ പങ്കാളികളായവർക്ക് സെഷൻ കഴിഞ്ഞയുടൻ തന്നെ വേദനയിൽ വലിയ ആശ്വാസം അനുഭവപ്പെട്ടതായി കണ്ടെത്തി. പ്രാർത്ഥന നൽകിയ ഗ്രൂപ്പിൽ രണ്ടു തികയുമ്പോഴും വേദനയുടെ തീവ്രത കുറഞ്ഞുതന്നെ നിന്നു. വേദനയേക്കാൾ ഉത്കണ്ഠ കുറയ്ക്കുന്നതിലാണ് പ്രാർത്ഥന കൂടുതൽ ഫലപ്രദമായി കണ്ടത്. പ്രാർത്ഥന സ്വീകരിച്ചവരിൽ രണ്ടാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ശേഷവും ഉത്കണ്ഠയുടെ അളവിൽ വലിയ കുറവുണ്ടായതായി ശാസ്ത്രീയ വിശകലനങ്ങളിലൂടെ വ്യക്തമായി.
ക്രിസ്ത്യൻ ഇതര മതവിശ്വാസികളിലും, ഈ പ്രാർത്ഥനാരീതി കൊണ്ട് തങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് കരുതിയിരുന്നവരിലും സമാനമായ ആരോഗ്യ പുരോഗതി ദൃശ്യമായി എന്നത് പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്. എന്നാൽ, പ്രാർത്ഥന എന്ന ഘടകത്തിന് പുറമെ സെഷനുകളിൽ ഉണ്ടായ മനുഷ്യരുമായുള്ള സമ്പർക്കം, പരസ്പരമുള്ള ദൃഷ്ടി സമ്പർക്കം (Eye contact), ശാരീരികമായ സ്പർശനം തുടങ്ങിയ ഘടകങ്ങളും ഈ പോസിറ്റീവ് ഫലത്തിന് പിന്നിൽ സ്വതന്ത്രമായി സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്ന പരിമിതിയും പഠന റിപ്പോർട്ട് തയ്യാറാക്കിയവർ മുന്നോട്ടുവെക്കുന്നുണ്ട്.

