പൂനെ: വ്യവസായി കെതൻ അഗർവാളിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കൊലക്കേസിൽ മുഖ്യപ്രതികളായ സിയ ഗോയലിനും ചേതൻ ചൗധരിക്കുമെതിരെ സംഭവസമയത്ത് കെതനെ തള്ളിയിട്ടത് നേരിട്ട് തെളിയിക്കുന്ന സാക്ഷിയോ ദൃശ്യതെളിവോ നിലവിലില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സിയ ഗോയലിന്റെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ അനുമതി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം ആസൂത്രിത കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, കോൾ രേഖകൾ, സംഭവസ്ഥലത്തെ പുനരാവിഷ്കരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ കെതനെ മലയിടുക്കിലേക്ക് തള്ളിയ നിമിഷം തെളിയിക്കുന്ന നേരിട്ടുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോടതിയിൽ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി സിയ ഗോയലിനെയും സഹപ്രതി ചേതൻ ചൗധരിയെയും സംഭവസ്ഥലമായ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയി തെളിവെടുപ്പും സംഭവത്തിന്റെ പുനരാവിഷ്കരണവും നടത്തിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയിരിക്കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.

