ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തകനുമായ സോനം വാങ്ചുക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ലഡാക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുമാണ് അദ്ദേഹം സമരം തുടരുന്നത്.
സമരത്തിന്റെ അഞ്ചാം ദിവസമായപ്പോൾ വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതായി സംഘാടകർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴ്ന്നതായും രക്തസമ്മർദം കുറവാണെന്നും അവർ പറഞ്ഞു. ആരോഗ്യസ്ഥിതിയെ തുടർന്ന് വൈദ്യസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.
പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും മറ്റ് ആവശ്യങ്ങളും പരിഗണിക്കണമെന്നും വാങ്ചുക് ആവർത്തിച്ചു.

