വെല്ലിങ്ടൺ: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂസിലാൻഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്ക്‌ലൻഡിൽ സംഘടിപ്പിച്ച വൻ പ്രവാസി സംഗമത്തെ അഭിസംബോധന ചെയ്തു. പ്രാദേശിക ഭാഷയിൽ ‘കിയ ഓറ മോദി’ എന്ന് നാമകരണം ചെയ്ത പ്രവാസി സംഗമത്തിൽ പതിനായിരത്തിലധികം ഭാരതീയരാണ് ആവേശത്തോടെ തടിച്ചുകൂടിയത്. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമായ സൗഹൃദത്തിലും പങ്കുവെക്കപ്പെട്ട മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും ഇരുരാജ്യങ്ങളുടെയും കൂട്ടായ്മ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കാൻ പൂർണ്ണ സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ട് പങ്കെടുത്ത ചടങ്ങിൽ ഭരണപക്ഷ നേതാക്കൾക്ക് പുറമേ പ്രതിപക്ഷമായ ലേബർ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. “അഞ്ച് മില്യൺ വരുന്ന ന്യൂസിലാൻഡ് ജനതയ്ക്ക് വേണ്ടി ഞാൻ പറയുന്നു, പ്രധാനമന്ത്രി മോദി, നിങ്ങളുടെ ഈ വരവിനായുള്ള കാത്തിരിപ്പ് പൂർണ്ണമായും സഫലമായിരിക്കുന്നു” എന്ന ക്രിസ്റ്റഫർ ലക്സന്റെ വാക്കുകളെ വലിയ കൈയടികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.
ന്യൂസിലാൻഡിന്റെ തനത് മാവോറി പാരമ്പര്യത്തിലെ ‘വാക’ (പരമ്പരാഗത തോണി) എന്ന പദത്തെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ-ന്യൂസിലാൻഡ് ‘വാക’ ഒരു പുതിയ സമുദ്രയാത്രയ്ക്ക് പൂർണ്ണ സജ്ജമാണെന്നും, ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ മുന്നിൽ വലിയ അവസരങ്ങളുടെ നീലാകാശവും സമുദ്രവുമുണ്ട്, അനുകൂലമായ കാറ്റും കടലിലെ തിരമാലകളും ഈ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്നും ഈ ചരിത്രപരമായ പ്രയാണത്തിൽ പൂർണ്ണ വിജയമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയത്തിന് കാരണം മോദിയല്ല, മറിച്ച് ഇവിടെ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വരുന്ന പ്രവാസികളായ നിങ്ങളാണ് ഈ യാത്രയുടെ യഥാർത്ഥ നാവികരെന്നും പ്രധാനമന്ത്രി പ്രവാസി സമൂഹത്തെ സാക്ഷിയാക്കി പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) വരും വർഷങ്ങളിൽ സാമ്പത്തിക-വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

