മധ്യപ്രദേശ് പോലീസിനെതിരെ കുംഭമേള വൈറൽ താരവും ഭർത്താവും ഹൈക്കോടതിയിൽ

ന്യൂഡൽഹി: തങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ മധ്യപ്രദേശ് പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുംഭമേളയിലൂടെ ശ്രദ്ധനേടിയ മോനാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദമ്പതികൾ ഹർജി സമർപ്പിച്ചത്.

തങ്ങളുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് അധികൃതർ ഏകപക്ഷീയമായി റദ്ദാക്കി പകരം വ്യാജ രേഖകൾ സൃഷ്ടിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സർക്കാർ രേഖകളിൽ ഇടപെട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടു. മോനാലിസ 2008 ജനുവരി 1-നാണ് ജനിച്ചതെന്നും 2026 ജനുവരിയിൽ പ്രായപൂർത്തിയായ ശേഷമാണ് വിവാഹം നടന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ വിവാഹത്തിനുശേഷം കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ജനനവർഷം 2009 ആയി മാറ്റിയെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫർമാൻ ഖാനെതിരെ കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു.

വിവാഹത്തിന് പിന്നാലെ “ലവ് ജിഹാദ്” ആരോപണങ്ങൾ ഉയർന്നതായും അതിന്റെ പേരിൽ തങ്ങളെ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാക്കുകയാണെന്നും ദമ്പതികൾ ആരോപിച്ചു. കേരളത്തിൽ താമസിച്ചിരുന്ന സമയത്തും മധ്യപ്രദേശ് പൊലീസിന്റെ നിരന്തര ഇടപെടലും ഭീഷണിയും നേരിടേണ്ടി വന്നതായും, അതിനാൽ പലവട്ടം താമസസ്ഥലം മാറ്റേണ്ടി വന്നതായും ഹർജിയിൽ പറയുന്നു.

മോനാലിസയും ഫർമാൻ ഖാനും മാർച്ച് 11-നാണ് കേരളത്തിൽ വിവാഹിതരായത്. പിന്നാലെ മോനാലിസ പ്രായപൂർത്തിയാകാത്തവളാണെന്നാരോപിച്ച് മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഫർമാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *