ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയ്‌ൽസിലും വൻ പ്രളയം; ക്യാംപിനിടെ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയ്‌ൽസിലും പെയ്ത അതിശക്തമായ മഴയെത്തുടർന്ന് വൻ പ്രളയം. ക്വീൻസ്‌ലാൻഡ്-എൻ.എസ്.ഡബ്ല്യു അതിർത്തിക്ക് സമീപമുള്ള മൗണ്ട് ബാർണിയിൽ ക്യാംപിനെത്തിയ വിദ്യാർത്ഥി സംഘത്തെ പ്രളയക്കയത്തിൽ നിന്ന് അടിയന്തിരമായി രക്ഷപ്പെടുത്തി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലെയും നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

നോർത്ത് ലേക്സ് സ്റ്റേറ്റ് കോളേജിലെ പന്ത്രണ്ടാം ക്ലാസിലെ 43 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് മൗണ്ട് ബാർണി നാഷണൽ പാർക്കിൽ ക്യാംപിനായി എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞതോടെ പ്രദേശത്ത് കാലാവസ്ഥ അതിവേഗം മാറിമറിയുകയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്ക ത്തിൽ ക്യാംപിലേക്ക് തിരികെ പോകാനുള്ള റോഡ് പൂർണ്ണമായി വെള്ളത്തിനടിയിലാ കുകയുമായിരുന്നു. റോഡ് മുറിച്ചുകടക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് സ്കൂൾ അധികൃതർ അടിയന്തര സേനയെ വിവരമറിയിച്ചു. തുടർന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് (SES), ക്വീൻസ്‌ലാൻഡ് പോലീസ്, ഫയർ ആൻഡ് റRescue ക്രൂ എന്നിവർ ചേർന്ന് ഇൻഫ്ലേറ്റബിൾ റെസ്ക്യൂ ബോട്ടുകൾ ഉപയോഗിച്ചാണ് കുട്ടികളെയും അധ്യാപകരെയും സുരക്ഷിത മായി കരയിലെത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെ ഇവരെ ബ്രിസ്ബേനിൽ തിരികെ എത്തിച്ച് കുടുംബങ്ങളുമായി ഒന്നിപ്പിച്ചു.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ എൻ.എസ്.ഡബ്ല്യു എസ്.ഇ.എസ് വിഭാഗം 197 അടിയന്തര കോളുകളോട് പ്രതികരിക്കുകയും നുമിൻബ, ബ്രൂവോംഗി, ഗൂങ്കേരി എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയ വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. പല പ്രദേശങ്ങളിലും 240 മില്ലിമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെള്ളം ഇറങ്ങുന്നത് വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും എമർജൻസി സർവീസ് അസിസ്റ്റന്റ് കമ്മീഷണർ ഡീൻ സ്റ്റോറി ആവശ്യപ്പെട്ടു. വരും മണിക്കൂറുകളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *