ഫിലിം സിറ്റിക്കായി കോതമംഗലത്ത് സ്ഥലം കണ്ടെത്തണം; ജില്ലാ വികസന സമിതി യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ

കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിക്കായി കോതമംഗലത്ത് അനുയോജ്യമായ ഭൂമി കണ്ടെത്തണമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഫിലിം സിറ്റി നടപ്പാക്കുന്നതിനായി ജില്ലയിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ഉടൻ വിളിച്ചുചേർക്കും. കോട്ടപ്പടി, കീരംപാറ, പിണ്ടിമന എന്നിവിടങ്ങളിലെ സോളാർ ഫെൻസിങ് നടപടികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

ഏഴിപ്പുറം സെറ്റിൽമെന്റ് കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ പരിസരത്തെ മാലിന്യങ്ങൾ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാൻ കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രന്റെ ആവശ്യപ്രകാരം കളക്ടർ നിർദ്ദേശം നൽകി. ഇവിടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിക്കുള്ള (എം.സി.എഫ്) സ്ഥലം അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സ്കൈലൈൻ പാംടോപ്പ് അപാർട്മെന്റുകളിലെ കിണറുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യവും ദുർഗന്ധവും കണ്ട പശ്ചാത്തലത്തിൽ പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് കളക്ടർ ആവശ്യപ്പെട്ടു. ഉമാ തോമസ് എം.എൽ.എയാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.

മട്ടാഞ്ചേരിയിലേക്കുള്ള ജങ്കാർ, ബോട്ട് സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസിന്റെ ആവശ്യത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് യോഗം ഉറപ്പുനൽകി. കൂടാതെ, കൊച്ചി കോർപ്പറേഷൻ പരിധിയിലെ ബീച്ചുകളിൽ പ്രവർത്തനരഹിതമായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാനും, ഓണാഘോഷങ്ങൾക്ക് മുൻപായി റോഡുകളിലെ കുഴികൾ അടയ്ക്കാനും, പട്ടയം തരംമാറ്റ നടപടികൾ വേഗത്തിലാക്കാനും വികസന സമിതി യോഗത്തിൽ തീരുമാനമായി. ജില്ലാ പ്ലാനിങ് ഓഫീസർ ടി. ജ്യോതിമോൾ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ഡി.എഫ്.ഒ കാർത്തിക് പനീർ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *