മലപ്പുറം: പാണക്കാട്ട്–വേങ്ങര റോഡിൽ കുന്നിൻ ചരിവിൽ നിന്ന് വലിയ തോതിൽ മണ്ണിടിഞ്ഞ് വീണ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളുകൾ ഇരുവശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുത്തനെയുള്ള ചരിവിൽ നിന്ന് മണ്ണും കല്ലുകളും റോഡിലേക്ക് പതിക്കാൻ തുടങ്ങിയത്. തുടർന്ന് മണ്ണിടിച്ചിൽ തുടരുകയും ഒമ്പതരയോടെ വലിയ മൺകൂനയും മരങ്ങളും കല്ലുകളും അടർന്ന് റോഡിലേക്ക് പതിക്കുകയുമായിരുന്നു. സമീപത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
സംഭവസമയത്ത് നാട്ടുകാരും മാധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിച്ചിൽ ആരംഭിച്ച ഉടൻ പൊലീസ് ഇടപെട്ട് ഗതാഗതം തടയുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് വലിയ അപകടം ഒഴിവായത്. ഓടി രക്ഷപ്പെടുന്നതിനിടെ കൈരളി ടി.വി. ക്യാമറാമാൻ ജയേഷിന് നിസാര പരിക്കേറ്റു.
സംഭവസ്ഥലത്തെ നിർമ്മാണം പൂർണമായും അനധികൃതമാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതർ അറിയിച്ചു. മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും കാലാവധി കഴിഞ്ഞിരുന്നുവെന്നും അധികൃതർ അറിയിച്ചു. അനധികൃത നിർമ്മാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

