മെൽബൺ: സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യയും അധിക്ഷേപവും നടത്തുന്ന അജ്ഞാത അക്കൗണ്ടു കളുടെ യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്താൻ സോഷ്യൽ മീഡിയ കമ്പനികളെ നിർബന്ധിതരാക്കുന്ന പുതിയ നിയമപരിഷ്കാരങ്ങളുമായി ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. കുട്ടികളെയും കുടുംബ ങ്ങളെയും ഓൺലൈൻ അധിക്ഷേപങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ ഞായറാഴ്ചയാണ് ഈ സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം, വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പ്രത്യേക ‘ഡീമാസ്കിങ്’ അധികാരം ലഭിക്കും. ഇതുവഴി ഓൺലൈൻ അധിക്ഷേപങ്ങൾ നടത്തുന്ന അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പുറത്തുവിടാൻ ട്രൈബ്യൂണലിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഉത്തരവിടാനാകും. ഒരു ഓസ്‌ട്രേലിയൻ സംസ്ഥാനം ഇത്തരം ഒരു നിയമം കൊണ്ടുവരുന്നത് ഇതാദ്യമാണ്. ഇതിന് പുറമെ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ കാരണം കുട്ടികൾക്കു ണ്ടാകുന്ന മാനസികാഘാതങ്ങൾക്ക് കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു.
നിലവിലെ നിയമമനുസരിച്ച് സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെങ്കിൽ കുട്ടിക്ക് 10 ശതമാനമെങ്കിലും സ്ഥിരമായ മാനസിക വൈകല്യം സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് വഴി തെളിയിക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഭേദഗതിയിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ ഈ നിബന്ധന പൂർണ്ണമായും ഒഴിവാക്കും. മുതിർന്ന ഇരകളുടെ കാര്യത്തിലും ഇത്തരം ഇളവുകൾ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്.
വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ സോഷ്യൽ മീഡിയ റെഗുലേഷൻ വിദഗ്ദ്ധയായ അസോസിയേറ്റ് പ്രൊഫസർ മാരിലിൻ ബ്രോംബെർഗ് ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇത് ശരിയായ ദിശയിലുള്ള ധീരമായ തുടക്കമാണെന്നും എന്നാൽ സൈബർ ബുല്ലിയിംഗ്, അപകീർത്തിപ്പെടുത്തൽ എന്നിവയിലേക്കും ഈ നിയമം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ആഴ്ചത്തെ പാർലമെന്റ് സമ്മേളനം മാത്രമാണ് ബാക്കിയുള്ളതെന്നതിനാൽ ഈ നിയമം സമയബന്ധിതമായി പാസാക്കാൻ സാധിച്ചേക്കില്ലെന്ന് പ്രതിപക്ഷ ഷാഡോ അറ്റോർണി ജനറൽ ജെയിംസ് ന്യൂബറി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഈ നീക്കത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ ആഘാതം പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമനിർമ്മാണം വേഗത്തിലാക്കുമെന്നാണ് പ്രീമിയർ ജസീന്ത അലൻ വ്യക്തമാക്കുന്നത്.

