സിഡ്നി: ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ കുട്ടിക്കാല പീഡനക്കേസിലെ പ്രതിയായ ഹാമിഷ് ടൈറ്റ് (35) തങ്ങളുടെ കുടുംബത്തിലേക്ക് കടന്നുകൂടിയ രീതി വെളിപ്പെടുത്തി വെല്ലൻഗോങ്ങിൽ നിന്നുള്ള എമി എന്ന അമ്മ രംഗത്ത്. നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന പ്രീ-സ്കൂൾ ജീവനക്കാ രനായിരുന്ന ഹാമിഷ് ടൈറ്റ്, 2009 നും 2025 നും ഇടയിൽ ന്യൂ സൗത്ത് വെയ്ൽസിലെ (NSW) 62 ചൈൽഡ് കെയർ സെന്ററുകളിൽ വെച്ച് 130-ലധികം കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. ഇയാൾക്കെതിരെ നിലവിൽ 329 ഓളം കുറ്റപത്രങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 50 ലക്ഷത്തോളം അപകീർത്തികരമായ ഫയലുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിൽ 136 കുട്ടികളുടെ പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്നു. ഇത്രയധികം കുട്ടികളെ പീഡിപ്പിച്ച മറ്റൊരു കുറ്റവാളി ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കൂടാതെ, ഓസ്‌ട്രേലിയയിലെ ഹോം-സ്കൂളിംഗ് സമൂഹത്തിലും ഇയാൾ സജീവമായിരുന്നു.
ഈ വിവരങ്ങൾ പുറത്തുവന്നതോടെ താൻ മാനസികമായി തകർന്നുപോയെന്നും ഇത്തരമൊരു വ്യക്തിയെ കുടുംബത്തിലേക്ക് വിശ്വസിച്ച് കയറ്റിയതിൽ ശാരീരികമായിപ്പോലും അസ്വസ്ഥത തോന്നുന്നുവെന്നും നാല് ആൺകുട്ടികളുടെ അമ്മയായ എമി പറഞ്ഞു. പരമ്പരാഗത രീതിയിൽ അല്ലാതെ കുട്ടികളെ വളർത്തുന്ന ‘അൺസ്കൂളിംഗ്’ (unschooling) ആശയങ്ങൾ ചർച്ച ചെയ്യുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ എമിയുമായി പരിചയപ്പെടുന്നത്. ഈ ഓൺലൈൻ കൂട്ടായ്മകളിൽ സാധാരണയായി അമ്മമാരാണ് സജീവമാകാറുള്ളതെങ്കിലും, അവിടെ സജീവമായി ഇടപെട്ടിരുന്ന ഏക പുരുഷൻ ഹാമിഷ് ആയിരുന്നു. എമിയുടെ ആറാമത്തെ വയസ്സുകാരനായ മകന്റെ ചിത്രങ്ങൾക്ക് ഇയാൾ നിരന്തരം കമന്റുകൾ ഇട്ടിരുന്നു.
പിന്നീട് ഫോട്ടോഗ്രാഫറായ എമിയുടെ അടുത്തുനിന്ന് ഒരു ഫാമിലി ഫോട്ടോഷൂട്ട് ബുക്ക് ചെയ്യാനായി ഇയാൾ സമീപിച്ചു. എമിയുടെ ഗ്രാമീണ മേഖലയിലുള്ള വീട്ടിൽ സ്വന്തം ഭാര്യയുമായും കുഞ്ഞുമായാണ് ഇയാൾ എത്തിയത്. കുട്ടികൾക്കായി സമ്മാനങ്ങളും കവിതകളും ഇയാൾ കരുതിയിരുന്നു. പെട്ടെന്ന് തന്നെ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇയാൾ അവരെ തോളിലിരുത്താനും ഇക്കിളിപ്പെടുത്താനും എപ്പോഴും ശ്രമിച്ചിരുന്നു. ആദ്യ ഫോട്ടോഷൂട്ടിന് ശേഷം ഒരു മാസത്തിന് കഴിഞ്ഞ് ഭാര്യ വീണ്ടും ഗർഭിണിയായെന്ന വ്യാജേന രണ്ടാമതൊരു ഫോട്ടോഷൂട്ടിനായി ഇയാൾ വീണ്ടും നിർബന്ധിച്ച് എമിയുടെ വീട്ടിലെത്തി. അന്ന് എമിയുടെ ഭർത്താവ് രോഗബാധിതനായി കിടപ്പിലായിരുന്നിട്ടും ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാൻ ഇയാൾ കടുത്ത സമ്മർദ്ദം ചെലുത്തുകയായിരുന്നു. വീട്ടിലെത്തിയ ഇയാൾ കുട്ടികളുമായി ഗുസ്തി പിടിക്കാനും ഇക്കിളിപ്പെടുത്താനും അതീവ താല്പര്യം കാണിച്ചതായും എമി ഓർക്കുന്നു. ഇയാളുടെ പശ്ചാത്തലം പുറത്തുവന്നതോടെയാണ് തങ്ങൾ എത്ര വലിയ ചതിക്കുഴിയിലാണ് അകപ്പെട്ടതെന്ന് ഈ കുടുംബം തിരിച്ചറിയുന്നത്

