ലണ്ടൻ: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് കൂടുതൽ അവകാശങ്ങളും അംഗീകാരവും നൽകുന്ന ഓസ്‌ട്രേലിയൻ അധികൃതരുടെ നടപടികൾ വിഡ്ഢിത്തമാണെന്ന് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. ലണ്ടനിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (CPAC UK) സംസാരിക്കവെയാണ് അവർ ഓസ്‌ട്രേലിയൻ സർക്കാരിനെതിരെയും രാജ്യത്തെ പുതിയ നയങ്ങൾ ക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചത്. ‘വെളുത്തവർഗ്ഗക്കാരായതിൽ ആരും മാപ്പ് ചോദിക്കേണ്ടതില്ല’ എന്നും ‘വൈറ്റ് പ്രിവിലേജ്’ എന്ന വാക്ക് കേട്ട് തനിക്ക് മടുത്തുവെന്നും അവർ വിദേശ സദസ്സിനോട് വിളിച്ചുപറഞ്ഞു.
രാജ്യത്തെ നെറ്റ്-സീറോ കാലാവസ്ഥാ നയങ്ങളെയും ആൽബനീസ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളെയും ഹാൻസൺ ശക്തമായി അപലപിച്ചു. ഓസ്‌ട്രേലിയ പൂർണ്ണമായും ‘വേക്ക്’ (woke) സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു. ആണും പെണ്ണും ആരൊക്കെയെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ളതെന്നും കായികരംഗത്ത് പുരുഷന്മാർ സ്ത്രീകളുടെ മത്സരങ്ങളിൽ പങ്കെടുക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ബ്രിട്ടൻ ഈ വിഷയത്തിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എന്നാൽ ഓസ്‌ട്രേലിയ അവിടെയുള്ള കാര്യങ്ങൾ കണ്ട് പഠിക്കുന്നില്ലെന്നും അവർ പരിഹസിച്ചു.
ലോകത്തെ 24 രാജ്യങ്ങൾ ഇതിനകം ബുർഖ നിരോധിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച ഹാൻസൺ, ഓസ്‌ട്രേലിയയിലും ബുർഖ നിരോധിക്കണമെന്ന തന്റെ ആവശ്യം ആവർത്തിച്ചു. കുടിയേറ്റം മൂലം രാജ്യത്തിന്റെ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഗാസയിൽ നിന്ന് കൊണ്ടുവന്ന 3,000 ആളുകൾ ആരാണെന്ന് പോലും വ്യക്തമല്ലെന്നും അവർ ആരോപിച്ചു. ബ്രിട്ടനിലെ ലൂട്ടൻ, ടവർ ഹാംലെറ്റ്സ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച അനുഭവം പങ്കുവെച്ചുകൊണ്ട്, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടന്റെ സംസ്‌കാരത്തെ ബാധിച്ചതുപോലെ അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയും സമാനമായ അവസ്ഥയിലാകുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
താൻ ‘വൈറ്റ് ഓസ്‌ട്രേലിയ’ പോളിസിയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നു എന്ന രീതിയിൽ ദി ഗാർഡിയൻ, ദി സിഡ്നി മോർണിംഗ് ഹെറാൾഡ് എന്നീ മാധ്യമങ്ങൾ നൽകിയ വാർത്തകൾ വ്യാജമാണെന്ന് ഹാൻസൺ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. താൻ ഒരിക്കലും അത്തരം നിലപാടുകളെ പിന്തുണച്ചിട്ടില്ലെന്നും എന്നാൽ രാജ്യത്തിന്റെ സംസ്കാരവുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള നിയന്ത്രിത കുടിയേറ്റത്തെയാണ് താൻ അനുകൂലിക്കുന്നതെന്നും അവർ വ്യക്തമാക്കി. കൂടാതെ ബുർഖ, ശരീഅത്ത് നിയമം, മുറപ്പെണ്ണു മാരുമായുള്ള വിവാഹങ്ങൾ (cousin marriages), ബാലവിവാഹം എന്നിവയെ താൻ എന്നും എതിർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

