ന്യൂഡൽഹി: ഇന്ത്യയ്ക്കകത്തു നിന്ന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിനായി അപേക്ഷിക്കുന്നവർക്കുള്ള വിസാ നിബന്ധനകളിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അപേക്ഷയോടൊപ്പം മുൻപ് നൽകേണ്ടിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ (RC) റെസിഡൻസി പെർമിറ്റോ (RP) ഇനി മുതൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ അപേക്ഷ നൽകുന്ന തീയതിയിൽ ചുരുങ്ങിയത് മൂന്ന് മാസത്തെ കാലാവധിയുള്ള ദീർഘകാല വിസ (ഇ-3 വിസ ഒഴികെ) അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഇതോടൊപ്പം അപേക്ഷ സമർപ്പിക്കുന്ന ദിവസം കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, ഇന്ത്യൻ വംശജനാണെന്ന് തെളിയിക്കുന്ന രണ്ട് രേഖകൾ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കേണ്ടതുണ്ട്. ബന്ധപ്പെട്ട ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (FRRO) രേഖകൾ നേരിട്ട് സമർപ്പിക്കുന്ന തീയതിയാണ് അപേക്ഷാ തീയതിയായി കണക്കാക്കുക.
ഒസിഐ സർവീസസ് പോർട്ടൽ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത്, ആവശ്യമായ ചിത്രങ്ങളും ഒപ്പും രേഖകളും അപ്‌ലോഡ് ചെയ്താണ് അപേക്ഷാ നടപടികൾ ആരംഭിക്കേണ്ടത്. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് FRRO-ൽ അപ്പോയിന്റ്മെന്റ് എടുക്കുകയും നിശ്ചിത ദിവസം അസ്സൽ രേഖകളുമായി വെരിഫിക്കേഷന് ഹാജരാകുകയും വേണം. രേഖകളുടെ പരിശോധന പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ലിങ്ക് വഴി ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതോടെ അപേക്ഷ ഔദ്യോഗികമായി സ്വീകരിക്കും. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഡിജിറ്റൽ രൂപത്തിലുള്ള ‘ഇ-ഒസിഐ’ (e-OCI) കാർഡ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ പുതിയ പരിഷ്കാര പ്രകാരം ഇനി മുതൽ ഒസിഐ കാർഡുകളുടെ ഫിസിക്കൽ ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

