ജോർദാനിലെ യുഎസ് സൈനിക താവളത്തിൽ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല

അമ്മാൻ: മധ്യപൂർവേഷ്യയെ വീണ്ടും പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ജോർദാനിലെ തന്ത്രപ്രധാനമായ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഇറാന്റെ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണം. ഇറാൻ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് സൈന്യവും പങ്കാളിത്ത സേനയും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് ഈ ജീവനഷ്ടമുണ്ടായത്.

ജോർദാനിലെ മുവാഫഖ് സാൽറ്റി വ്യോമസേനാ താവളത്തിന് നേരെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വെള്ളിയാഴ്ച രാത്രി മാരകമായ ആക്രമണം അഴിച്ചുവിട്ടത്. താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിന് ശേഷം ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇതോടെ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ട ആകെ അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി ഉയർന്നു.

ആക്രമണത്തിൽ മറ്റ് നാല് യുഎസ് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരെ അടിയന്തരമായി ജോർദാനിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തതായും നിരവധി സൈനികർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും പെന്റഗൺ അറിയിച്ചു. കാണാതായ സൈനികനെ കണ്ടെത്താനായി മേഖലയിൽ വൻ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

നൂറുകണക്കിന് യുഎസ് യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുന്ന മുവാഫഖ് സാൽറ്റി താവളത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ വന്നുപതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജോർദാനിലെ താവളത്തിന് പുറമെ കുവൈത്തിലെ ക്യാമ്പ് ആരിഫ്ജാൻ, ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയർ ബേസ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇതേ സമയം ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *