സിഡ്നി: ശാസ്ത്രലോകത്തെ അതിശയിപ്പിച്ചു കൊണ്ട് ഓസ്‌ട്രേലിയയിലെയും ബ്രസീലിലെയും സമുദ്രങ്ങൾക്കിടയിൽ പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച രണ്ട് ഹംപ്ബാക്ക് (കൂനൻ) തിമിംഗലങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്ത് ഒരു ഹംപ്ബാക്ക് തിമിംഗലം നടത്തുന്ന ഏറ്റവും നീളമേറിയ സമുദ്രയാത്രയാണിത്. രണ്ട് തിമിംഗലങ്ങളും രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് ചരിത്രപരമായ ഈ യാത്ര നടത്തിയത്.
മനുഷ്യരുടെ വിരലടയാളം പോലെ ഓരോ തിമിംഗലത്തിന്റെയും വാലിനടിയിലുള്ള അടയാളങ്ങൾ പരസ്പരം വ്യത്യസ്തമാണ്. ഈ സവിശേഷത ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ അത്യാധുനിക കമ്പ്യൂട്ടർ സാങ്കേതികവിദ്യ വഴി പരിശോധിച്ചാണ് ഒരേ തിമിംഗലത്തെ തന്നെ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ സമുദ്രമേഖലകളിൽ വെച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഇതിൽ ആദ്യത്തെ തിമിംഗലം ഓസ്‌ട്രേലിയൻ തീരത്തുനിന്ന് ബ്രസീലിലേക്ക് 14,200 കിലോമീറ്ററാണ് സഞ്ചരിച്ചത്. എന്നാൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ തിമിംഗലം ബ്രസീലിൽ നിന്ന് ഓസ്‌ട്രേലിയൻ തീരത്തേക്ക് ഏകദേശം 15,100 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലോക റെക്കോർഡിട്ടു.
തിമിംഗലങ്ങൾ സാധാരണയായി ഒരേ സമുദ്രപാതകളിലൂടെ മാത്രം കൃത്യമായി യാത്ര ചെയ്യുന്നവയാണ്. എന്നാൽ ഭൂഗോളത്തിന്റെ രണ്ട് വശങ്ങളിലുള്ള ഓസ്‌ട്രേലിയയിലെയും ബ്രസീലിലെയും തിമിംഗലക്കൂട്ടങ്ങൾ തമ്മിൽ പരസ്പരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് പുതിയ കണ്ടെത്തലിലൂടെ വ്യക്തമായി. അന്റാർട്ടിക്കയിലെ തണുത്ത ജലാശയങ്ങളിൽ ഇരതേടി പോയപ്പോൾ വഴിമാറി സഞ്ചരിച്ചതാകാം ഈ അപൂർവ്വ പ്രതിഭാസത്തിന് പിന്നിലെന്നാണ് സമുദ്ര ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. തിമിംഗലങ്ങളുടെ പ്രവാസത്തെക്കുറിച്ചും സമുദ്ര അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും പുതിയ പഠനങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ കണ്ടെത്തൽ.

