ചേരൂർ: തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത വായനശാലകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന വിപുലമായ സാംസ്കാരിക സംരംഭമായ ‘വായനശാല സ്റ്റോറീസ്’ പദ്ധതിക്ക് തുടക്കമായി. വൈകിട്ട് 3 മണിക്ക് ചേരൂർ സാഹിതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ ഡോ. ധർമ്മരാജ് അടാട്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
കോളേജുകളിൽ ‘ലിറ്റററി ഫെസ്റ്റുകളും’ സ്കൂളുകളിൽ ‘ലിറ്റററി ക്ലബ്ബുകളും’ വിജയകരമായി നടപ്പിലാക്കിയതിന്റെ തുടർച്ചയായാണ് തൃശൂർ ലിറ്റററി ഫോറം ഈ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. വായനശാലകളുടെ ആധുനികവൽക്കരണം, സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ, സൗജന്യ പുസ്തക വിതരണം എന്നിവയിലൂടെ വായനക്കാരെയും ഗ്രന്ഥശാലകളെയും തമ്മിൽ കൂടുതൽ അടുപ്പിക്കാനും, പൊതുജനങ്ങളെ നിരന്തരമായ വായനാലോകത്തേക്ക് നയിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സാംസ്കാരിക സംഘടനകളുടെ ചരിത്രത്തിൽ തന്നെ ഇതൊരു പുതിയ അധ്യായമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
വി.കെ.എൻ സ്മാരക സമിതിയുടെയും വായനശാലയുടെയും പ്രസിഡന്റ് രാംകുമാർ നമ്പിയാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അപർണ്ണ ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരളത്തിലെ പ്രമുഖ സാംസ്കാരിക-സാഹിത്യ പ്രവർത്തകരായ ഡോ. കെ. സി. പ്രകാശൻ (തൃശൂർ പബ്ലിക് ലൈബ്രറി), നന്ദകുമാർ ആലത്ത് (കസ്തൂർബ സ്മാരക വായനശാല, കൂട്ടുമുക്ക്), മഞ്ജു എൻ. കെ. (എഴുത്തുകാരി, ഗ്രന്ഥശാലാ പ്രവർത്തക), ഉണ്ണികൃഷ്ണൻ ടി. അടാട്ട് (അടാട്ട് ഗ്രാമീണ വായനശാല), മോഹൻ പരത്തിൽ (ചേരൂർ വായനശാല), എം. രഘുനന്ദനൻ (പ്രൊജക്റ്റ് കോർഡിനേറ്റർ) എന്നിവർ പ്രഭാഷണങ്ങളും ആശംസകളും നേർന്നു.
ചടങ്ങിൽ മാധവിക്കുട്ടി കൃതജ്ഞത രേഖപ്പെടുത്തി. തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ചേരൂർ സാഹിതി ചെയർപേഴ്സൺ ഡോ. സരസ്വതി ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചേരൂർ സാഹിതിയിൽ നടന്ന ഈ അക്ഷരക്കൂട്ടായ്മയിൽ നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു.

