ഓസ്‌ട്രേലിയയിൽ വീണ്ടും സ്രാവ് ആക്രമണം; ബന്ധുക്കളുടെ മുന്നിലിട്ട് മുങ്ങൽ വിദഗ്ദ്ധനെ കടിച്ചുകൊന്നു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്ത് ബന്ധുക്കളുടെ മുന്നിൽ വെച്ച് മുങ്ങൽ വിദഗ്ദ്ധനെ സ്രാവ് കടിച്ചുകൊന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഓസ്‌ട്രേലിയയിലുടനീളം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മാരകമായ സ്രാവ് ആക്രമണമാണിത്. ശനിയാഴ്ച പകൽ 11.30-ഓടെ പെർത്തിൽ നിന്നും 400 കിലോമീറ്റർ തെക്കുകിഴക്കുള്ള അൽബാനിയിലെ മൈക്കൽമാസ് ദ്വീപിന് സമീപമായിരുന്നു സംഭവം.

35 വയസ്സുകാരനായ യുവാവ് കുടുംബത്തോടൊപ്പം കടലിൽ ചാട്ടുളി ഉപയോഗിച്ച് മീൻ പിടിക്കുന്ന തിനിടയിലാണ് 4.5 മീറ്റർ നീളം വരുന്ന ഭീമൻ സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ബോട്ടിൽ അൽബാനി മറീനയിലെത്തിച്ച് പാരാമെഡിക്കൽ സംഘം അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് പ്രസ്താ വനയിലൂടെ അറിയിച്ചു. ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

അപകടത്തെ തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ ബോട്ട് പരിശോധിച്ച ശേഷം അൽബാനി ബോട്ട് റാംപ് താൽക്കാലികമായി അടച്ചുപൂട്ടി. അൽബാനി തീരത്തുനിന്ന് 13 കിലോമീറ്റർ അകലെയുള്ള ഈ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപിന് ചുറ്റുമുള്ള കടൽത്തീരങ്ങളിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയണൽ ഡെവലപ്‌മെന്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ വലിപ്പമുള്ള സ്രാവിനെ ഈ ഭാഗത്ത് കണ്ടതായി സർഫിംഗ് നടത്തുന്നവർ റിപ്പോർട്ട് ചെയ്തിരുന്നു. അൽബാനിയിൽ ഇതിനുമുമ്പ് സ്രാവ് ആക്രമണം മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തത് 2014 ഡിസംബറിലായിരുന്നു.

മൂന്നാഴ്ചയ്ക്കിടെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നടക്കുന്ന രണ്ടാമത്തെയും രാജ്യവ്യാപകമായി മൂന്നാമത്തെയും മാരകമായ സ്രാവ് ആക്രമണമാണിത്. കഴിഞ്ഞ മെയ് 16-ന് റോട്ട്നെസ്റ്റ് ദ്വീപിന് സമീപം സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനിടെ സ്റ്റീവൻ മാറ്റബോണി (38) എന്ന രണ്ടു കുട്ടികളുടെ പിതാവ് ഗ്രേറ്റ് വൈറ്റ് ഇനത്തിൽപ്പെട്ട സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ പുതിയ ദാരുണ സംഭവത്തിന് തലേദിവസമാണ് ന്യൂ സൗത്ത് വെയ്ൽസ് വടക്കൻ തീരത്ത് റെഡ് ക്ലിഫിന് സമീപം സർഫിംഗ് നടത്തുന്നതിനിടെ അലഹോ സാന്റിനാക്വെ (20) എന്ന യുവാവ് സ്രാവിന്റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്രാവ് കാലിൽ കടിച്ചു വെള്ളത്തിലേക്ക് വലിച്ചിഴച്ചെങ്കിലും ശക്തമായി തൊഴിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഈ യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ തുടർച്ചയായ സംഭവങ്ങൾ ഓസ്‌ട്രേലിയൻ തീരങ്ങളിൽ വലിയ ആശങ്കയാണ് പരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *