ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും അവാര്‍ഡ്

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2025-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ സാബു ശങ്കറും കവിതാ വിഭാഗത്തില്‍ സുധാകരന്‍ ചന്തവിളയും പുരസ്‌കാരത്തിന് അര്‍ഹരായി. സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച സാബു ശങ്കറിന്റെ ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ എന്ന കൃതിയാണ് മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരുമ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ എന്ന കൃതിക്കാണ് കവിതാ വിഭാഗത്തിലെ പുരസ്‌കാരം. ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി എന്നിവരാണ് പുരസ്‌കാര വിവരങ്ങള്‍ അറിയിച്ചത്.

ഡോ. പോള്‍ മണലില്‍, എം. കെ. ഹരികുമാര്‍ (നോവല്‍ വിഭാഗം), കാരൂര്‍ സോമന്‍, മിനി സുരേഷ് (കവിതാ വിഭാഗം) എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് കോട്ടയത്തും തിരുവനന്തപുരത്തുമായി പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചു.

കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ സാംസ്‌കാരിക സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് സുധാകരന്‍ ചന്തവിളയ്ക്ക് സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ പുരസ്‌കാര ഫലകവും 25,000 രൂപയും സമ്മാനിച്ചു.

തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫില്‍ക ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര മേളയോടനുബന്ധിച്ചായിരുന്നു സാബു ശങ്കറിനുള്ള പുരസ്‌കാര സമര്‍പ്പണം. ഫില്‍ക പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ പുരസ്‌കാര ഫലകവും കാരൂര്‍ സോമന്‍ 25,000 രൂപയും സാബു ശങ്കറിന് കൈമാറി. ചടങ്ങില്‍ വെച്ച് കാരൂര്‍ സോമനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

ഇതോടൊപ്പം കാരൂര്‍ സോമന്‍ രചിച്ച ‘കാലം ചുംബിച്ച മാസിഡോണിയ’ (ഗ്രീസ് യാത്രാവിവരണം – പ്രഭാത് ബുക്‌സ്), ‘കണ്ടറിയാത്തവര്‍ കൊണ്ടറിയും’ (ലേഖന സമാഹാരം – ആമസോണ്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. മന്ത്രി സി. പി. ജോണ്‍ പുസ്തകങ്ങള്‍ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന് നല്‍കിയാണ് പ്രകാശനം ചെയ്തത്. കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് കെ. ജെ. ജോസ്‌മോന്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ഫില്‍ക ജനറല്‍ സെക്രട്ടറി സാബു ശങ്കര്‍ സ്വാഗതവും കാരൂര്‍ സോമന്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *