വായനശീലം വളര്‍ന്നാലേ നമ്മളും വളരുകയുള്ളൂ: ലിമ സാഹിത്യ സംഗമത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ലോകമെമ്പാടുമുള്ള സാഹിത്യപ്രതിഭകളുടെ എഴുത്തുകൂട്ടായ്മയായ ലണ്ടന്‍ ലിമ വേള്‍ഡ് ലൈബ്രറിയുടെ സാഹിത്യസംഗമം കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്നു. 16-ാം കേരള നിയമസഭാ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശീലം വളര്‍ന്നാലേ മനുഷ്യനും സമൂഹവും വളരുകയുള്ളൂവെന്നും വായനയുടെ മാഹാത്മ്യം നാളത്തെ തലമുറയ്ക്ക് പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശത്തുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു ന്നതില്‍ ലിമ വേള്‍ഡ് ലൈബ്രറി വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സമൂഹത്തിന്റെ ഹൃദയസ്പന്ദനം അറിയാത്തവര്‍ക്ക് എങ്ങനെ എഴുത്തുകാരാകാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂര്‍ സോമന്‍ ചോദിച്ചു.

ചടങ്ങില്‍ മുഖ്യപ്രഭാഷകനായ ഡോ. പോള്‍ മണലില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊന്നാട യണിയിച്ച് ആദരിച്ചു. തുടര്‍ന്ന് കിളിരൂര്‍ രാധാകൃഷ്ണനെയും കാരൂര്‍ സോമനെയും സ്പീക്കര്‍ ആദരിച്ചു. സനില്‍ പി. തോമസ്, ഡോ. അനിയമ്മ ജോസഫ്, ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സംഗമത്തോടനുബന്ധിച്ച് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കാരൂര്‍ സോമന്റെ ‘കാലൊച്ചകള്‍’ (ലേഖനം), ‘കളിയുഗം’ (കഥ), പരിധി ബുക്സ് പുറത്തിറക്കിയ ‘കാലമെഴുതിയ നക്ഷത്രമിഴികള്‍’ (യാത്രാവിവരണം), ഇതള്‍ ബുക്സ് പ്രസിദ്ധീകരിച്ച ‘കാട്ടുചിലന്തികള്‍’ (കഥ) എന്നീ പുസ്തകങ്ങള്‍ ഡോ. പോള്‍ മണലിലില്‍ നിന്ന് ഡോ. ആനിയമ്മ ജോസഫ്, ഹരി ഏറ്റുമാനൂര്‍, ലാലി രംഗനാഥ്, ഗോപന്‍ അമ്പാട്ട്, സിജിത അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി. മേരി അലക്സിന്റെ (മണിയ) ‘വര്‍ണ്ണങ്ങള്‍ വൈരുദ്ധ്യങ്ങള്‍’ എന്ന നോവല്‍ ഡോ. പോള്‍ മണലിലില്‍ നിന്ന് കാരൂര്‍ സോമനും, ശ്രീകലാ മോഹന്‍ദാസിന്റെ ‘കുഞ്ഞോമനകള്‍’ എന്ന ബാലകഥകളുടെ പുസ്തകം ഡോ. ആനിയമ്മയില്‍ നിന്ന് കാരൂര്‍ സോമനും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

ലിമ വേള്‍ഡ് ലൈബ്രറിയിലൂടെ ദീര്‍ഘകാലമായി സാഹിത്യരംഗത്ത് സജീവമായിട്ടുള്ള മിനി സുരേഷ്, മേരി അലക്സ്, ജോണ്‍സന്‍ ഇരിങ്ങോള്‍, ശ്രീകുമാരി സന്തോഷ്, പ്രൊഫ. കവിത സംഗീത്, ലാലി രംഗനാഥ് (ലാലിമ), ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമാര്‍ ചേലങ്കേരി, ശ്രീകലാ മോഹന്‍ദാസ്, എം. തങ്കച്ചന്‍ ജോസഫ്, പ്രസന്ന നായര്‍, ജഗദീശ് കരിമുളക്കല്‍, ഗായിക റാണി വിനോദ് എന്നിവരെ സ്പീക്കര്‍ ഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ പ്രൊഫ. കവിത സംഗീത് (ബാംഗ്ലൂര്‍), പ്രസന്ന നായര്‍ (കോട്ടയം), എം. തങ്കച്ചന്‍ ജോസഫ് (അങ്കമാലി), സ്വരൂപ് ജിത്ത് (കൊല്ലം), ജഗദീശ് കരിമുളക്കല്‍ (ആലപ്പുഴ) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

റാണി വിനോദിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് മിനി സുരേഷ് സ്വാഗതവും ജോണ്‍സന്‍ ഇരിങ്ങോള്‍ നന്ദിയും രേഖപ്പെടുത്തി. മിനി സുരേഷ്, റാണി വിനോദ് എന്നിവരായിരുന്നു പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *