ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കെട്ടിടം തകർന്നു വീണ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കെട്ടിടം തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ധൗള കുവാനിലേക്കുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു. കൂടാതെ ആർ.ടി.ആർ, ബെനിറ്റോ ജുവാരസ് മാർഗ് വഴിയുള്ള വാഹന ഗതാഗതത്തെയും ഇത് കാര്യമായി ബാധിക്കും.
യാത്രക്കാർ ഈ റൂട്ടുകൾ പരമാവധി ഒഴിവാക്കി ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ഡ്യൂട്ടിയിലുള്ള ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി അപകടസ്ഥലത്തിന് സമീപം മറ്റ് വാഹനങ്ങൾ നിർത്തുകയോ ആളുകൾ തടിച്ചുകൂടുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

