തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി ശ്രദ്ധേയനായ ചലച്ചിത്രപ്രതിഭയാണ് അദ്ദേഹം.
2000-ൽ പുറത്തിറങ്ങിയ ‘സായഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് സ്വതന്ത്ര സംവിധായകനായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രം തന്നെ ഏറെ നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടിയിരുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാംസ്കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

