വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പ്രധാന അറ്റകുറ്റപ്പണികൾക്കായി രണ്ട് വനിതാ ബഹിരാകാശ യാത്രികർ നാളെ ബഹിരാകാശ നടത്തം നടത്തും. നാസയുടെ ബഹിരാകാശ യാത്രിക ജെസിക്ക മെയർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ യാത്രിക സോഫി അഡെനോ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
യുഎസ് സ്പേസ്വോക്ക് 99 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം നാളെ വൈകുന്നേരം ആറോടെ ആരംഭിച്ച് ഏകദേശം ആറര മണിക്കൂർ നീളും. ബഹിരാകാശ പേടകങ്ങളെ ബഹിരാകാശ നിലയവുമായി സുരക്ഷിതമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന നാവിഗേഷൻ ഉപകരണം മാറ്റിസ്ഥാപിക്കുകയാണ് ദൗത്യത്തിലെ പ്രധാന പ്രവർത്തനം.
ഇതിന് പുറമെ വിവരവിനിമയ സംവിധാനങ്ങൾക്കായുള്ള കേബിളുകൾ സ്ഥാപിക്കൽ, അഡ്വാൻസ്ഡ് ക്യാമറ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ അറ്റകുറ്റപ്പണികളും ഇരുവരും ചേർന്ന് നിർവഹിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ട 284-ാമത്തെ ബഹിരാകാശ നടത്തമാണിത്.
ജെസിക്ക മെയറിന് ഏഴാമത്തെ ബഹിരാകാശ നടത്തം
ജെസിക്ക മെയറുടെ ഏഴാമത്തെയും സോഫി അഡെനോയുടെ മൂന്നാമത്തെയും ബഹിരാകാശ നടത്തമാണിത്. ഇതോടെ നാസയിലെ വനിതാ ബഹിരാകാശ യാത്രികരിൽ ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം നടത്തിയവരുടെ പട്ടികയിൽ ജെസിക്ക മെയർ മൂന്നാം സ്ഥാനത്തെത്തും. പെഗ്ഗി വിറ്റ്സൺ 10 ബഹിരാകാശ നടത്തങ്ങളുമായി ഒന്നാമതും സുനിത വില്യംസ് ഒമ്പത് നടത്തങ്ങളുമായി രണ്ടാമതുമാണ്.
ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം ഇന്ത്യൻ സമയം നാളെ വൈകുന്നേരം 4.30 മുതൽ നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും കാണാനാകും.

