ഒരു രാജ്യം, ഒരു സമയം; 2027 മാർച്ച് മുതൽ ഐഎസ്ടി നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ നിയമപരവും വാണിജ്യപരവും ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ‘ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങൾ, 2026’ വിജ്ഞാപനം ചെയ്തു.

2027 മാർച്ച് മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളും ഐഎസ്ടി നിർബന്ധമായും പാലിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനകം ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

നിയമപരമായ ഇടപാടുകളും കരാറുകളും, വാണിജ്യ-സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഭരണനടപടികൾ തുടങ്ങിയവയിൽ ഏകീകൃത സമയക്രമം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. സമയക്രമത്തിലെ വ്യത്യാസങ്ങളും അതുവഴിയുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ നടപടി സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും കൃത്യമായ സമയം നിർണായകമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലും ഏകോപിതമായ സമയക്രമം ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം രാജ്യത്തുടനീളം കൂടുതൽ കൃത്യതയോടെ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നേരത്തെ തന്നെ ദേശീയ ഭൗതികശാസ്ത്ര ലബോറട്ടറി (NPL), ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംവിധാനം വികസിപ്പിച്ചിരുന്നു. മില്ലിസെക്കൻഡ് മുതൽ മൈക്രോസെക്കൻഡ് വരെ കൃത്യതയിൽ ഐഎസ്ടി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

‘ഒരു രാജ്യം, ഒരു സമയം’ എന്ന ആശയത്തിലൂടെ രാജ്യത്തെ വിവിധ നിയമ, ഭരണ, വാണിജ്യ, ഡിജിറ്റൽ സംവിധാനങ്ങളിൽ ഒരേ ഔദ്യോഗിക സമയ മാനദണ്ഡം ഉറപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *