ലഖ്നൗ: ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ അപകടബാധിതര്‍ക്കും മറ്റ് അത്യാഹിതങ്ങള്‍ക്കും അതിവേഗം വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ വിപുലമായ ട്രോമ സെന്റര്‍ വരുന്നു. സൈഫിയിലെ ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴില്‍ 250 കിടക്കകളുള്ള ലെവല്‍-1 ട്രോമ സെന്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.
യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ രണ്ടാമത് യോഗത്തില്‍ അധ്യക്ഷത വഹിക്കവേയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എക്സ്പ്രസ് വേയില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഉന്നതനിലവാരത്തിലുള്ള ചികിത്സാസൗകര്യം എത്രയും വേഗം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാകുന്ന ഉയര്‍ന്ന തരം ട്രോമ സെന്ററാണിത്.250 കിടക്കകള്‍ ഇതിനായി പ്രത്യേകം സജ്ജീകരിക്കും.എക്സ്പ്രസ് വേയിലെ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സുവര്‍ണ്ണ മണിക്കൂറിനുള്ളില്‍ മികച്ച ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
യൂണിവേഴ്സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സ്റ്റാഫും ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

