ഓസ്ട്രേലിയൻ മണ്ണിൽ നൂറുമേനി വിളയിച്ച് പ്രവാസി മലയാളി ദമ്പതികൾ; കൃഷിയിടത്തിൽ മിയാസാക്കി മാവും നാടൻ വിഭവങ്ങളും

ക്വീൻസ്‌ലാൻഡ്: അന്യനാട്ടിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ നാടിന്റെ സമൃദ്ധി പുനഃസൃഷ്ടിക്കാമെന്ന് തെളിയിക്കുകയാണ് കോട്ടയം പാലാ ഈരാറ്റുപേട്ട സ്വദേശികളായ ബിനുവും ഭാര്യ ആശയും. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മണ്ണോടും കൃഷിയോടുമുള്ള ആത്മബന്ധം മുറുകെപ്പിടിച്ചുകൊണ്ട് ഈ മലയാളി ദമ്പതികൾ തങ്ങളുടെ പരിസരത്തെ ഒരു കൊച്ചു കേരളമാക്കി മാറ്റിയിരിക്കുകയാണ്.

ജോലിയുടെ തിരക്കുകൾക്കിടയിലും ലഭിക്കുന്ന ഒഴിവുസമയങ്ങൾ പൂർണ്ണമായും കൃഷിക്കായി വിനിയോഗിച്ചാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. വീട്ടുപരിസരത്തെ പരിമിതമായ സ്ഥലത്തെ കൃഷിക്ക് പുറമെ, ക്വീൻസ്‌ലാൻഡ് സർക്കാരിൽനിന്ന് പാട്ടത്തിനെടുത്ത (റെന്റ്) ഭൂമിയിലും ഇവർ വിപുലമായ രീതിയിൽ കൃഷി നടത്തുന്നുണ്ട്. വിവിധയിനം മാവുകൾ, ചാമ്പ, നാരകം, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം കപ്പ, ചേന, ചേമ്പ് തുടങ്ങിയ നാടൻ കിഴങ്ങുവർഗ്ഗങ്ങളും ഇവരുടെ തോട്ടത്തിൽ സമൃദ്ധമായി വളരുന്നു.

വ്യത്യസ്തയിനം മാവുകൾ ഗ്രാഫ്റ്റിംഗ് വഴി ഒട്ടിച്ചെടുക്കുന്നതിലും ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴ ഇനങ്ങളിലൊന്നായ ‘മിയാസാക്കി’ അടക്കമുള്ള അപൂർവ്വ ഇനങ്ങൾ വിജയകരമായി പരിപാലിക്കുന്നതിലും ബിനു ഇതിനകം പ്രത്യേക പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ശൈത്യകാലത്തെ അതിജീവിച്ച് ചെടികളെ സംരക്ഷിക്കുന്നതിനായി ശാസ്ത്രീയമായ ഗ്രീൻഹൗസ് സംവിധാനങ്ങളും കൃഷിയിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സിൽക്കി കോഴികളും കോൾടെക്ക് താറാവുകളും കൂടി ചേരുന്നതോടെ ഒരു സമ്പൂർണ്ണ ഗ്രാമീണ കൃഷിയിടത്തിന്റെ അന്തരീക്ഷമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. പ്രവാസലോകത്ത് മലയാളിയുടെ കഠിനാധ്വാനത്തിന്റെയും മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് ഈ ദമ്പതികളുടെ പച്ചത്തുരുത്ത്.

Leave a Reply

Your email address will not be published. Required fields are marked *