ഇടുക്കി: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ ഇടത്താവളങ്ങളിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിറക്കി. തീർത്ഥാടകരിൽ നിന്ന് അമിതവില ഈടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ബാർ ഹോട്ടലുകൾ എന്നിവയൊഴികെയുള്ള എല്ലാ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ബേക്കറികൾക്കും പുതിയ നിരക്ക് ബാധകമായിരിക്കും.
നിശ്ചയിച്ച നിരക്കുകൾ പ്രകാരം കുത്തരി ഊണിനും വെജിറ്റബിൾ ബിരിയാണിക്കും 80 രൂപയും കഞ്ഞിക്ക് 45 രൂപയുമാണ് പരമാവധി ഈടാക്കാവുന്ന തുക. ചായ, കാപ്പി, നാരങ്ങാവെള്ളം, പൊറോട്ട എന്നിവയ്ക്ക് 15 രൂപയും നെയ്റോസ്റ്റ്, മസാല ദോശ എന്നിവയ്ക്ക് 60 രൂപയും പൂരി മസാലയ്ക്ക് 50 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കപ്പയ്ക്ക് 35 രൂപയും ബോണ്ട, ഉള്ളിവട, ബജി എന്നിവയ്ക്ക് 12 രൂപയുമായിരിക്കും നിരക്ക്. മിൽമ ഉത്പന്നങ്ങൾ എം.ആർ.പി നിരക്കിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ.
ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിൽ വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. തീർത്ഥാടകർക്ക് അടിയന്തര പരാതികൾ അറിയിക്കുന്നതിനായി പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി വകുപ്പുകളിലെ ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും ഈ ബോർഡുകളിൽ ഉൾപ്പെടുത്തണം. തീർത്ഥാടകരിൽ നിന്ന് അമിതവില ഈടാക്കുന്നത് തടയാൻ പ്രത്യേക സംയുക്ത സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും കർശന പരിശോധന നടത്തുമെന്നും കളക്ടർ അറിയിച്ചു.

