ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഷുഗർലാൻഡിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം പാലാ രാമപുരം സ്വദേശി അഗസ്റ്റിൻ തോമസിന്റെ ഭാര്യയും ഹൂസ്റ്റൺ വി.എ. ഹോസ്പിറ്റലിലെ ജീവനക്കാരിയുമായ ലിസി തോമസ് (പെരിങ്ങുളം വാഴയിൽ കുടുംബാംഗം) ആണ് മരിച്ചത്. ഹൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിന്റെ ഉടമ ബിജു ജോർജിന്റെ സഹോദരിയാണ്.
ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ ഷുഗർലാൻഡിലെ ന്യൂ ടെറിറ്ററിയിലുള്ള ഹോംവാർഡ്വേ റോഡിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വഴിയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ലൈഫ് ഫ്ലൈറ്റ് എയർ ആംബുലൻസ് വഴി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുതന്നെ തുടരുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ ഷുഗർലാൻഡ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ സജീവ പ്രവർത്തകയായിരുന്നു ലിസി തോമസ്. ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഏവരുടെയും സ്നേഹാദരങ്ങൾ നേടിയ വ്യക്തിയായിരുന്നു. ഇവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പ്രവാസി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

