അഡ്ലൈഡിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിൽ വൻ കവർച്ച; ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും ഉൾപ്പെടെ ആറ് മാർബിൾ വിഗ്രഹങ്ങൾ മോഷ്ടിച്ചു

അഡ്ലൈഡ്: അഡ്ലൈഡിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും ഉൾപ്പെടെ ആറ് മാർബിൾ വിഗ്രഹങ്ങൾ കവർന്ന സംഭവം പ്രവാസി സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്ലൈഡ് നോർത്തേൺ സബർബായ ഹോൾഡൻ ഹില്ലിലെ പീറ്റ് അവന്യൂവിൽ (Peat Avenue, Holden Hill) സ്ഥിതി ചെയ്യുന്ന അഡ്ലൈഡ് ഹിന്ദു ക്ഷേത്രത്തിലാണ് ആസൂത്രിതമായ മോഷണം നടന്നത്. സംഭവത്തിൽ സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.

ഈ മാസം 10-ന് പുലർച്ചെ 5:00 മണിക്ക് തൊട്ടുമുമ്പാണ് അജ്ഞാതനായ വ്യക്തി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയത്. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് പ്രധാന പ്രതിഷ്ഠകളായ മാർബിൾ വിഗ്രഹങ്ങൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചാണ് ഇയാൾ കടന്നുകളഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ശ്രീകൃഷ്ണന്റെയും കാളിദേവിയുടെയും പ്രധാന വിഗ്രഹങ്ങൾ അടക്കം ഭക്തർ പൂജിച്ചിരുന്ന ആകെ ആറ് മാർബിൾ വിഗ്രഹങ്ങളാണ് നഷ്ടപ്പെട്ടത്. ആത്മീയമായും സാംസ്കാരികമായും അത്യന്തം മൂല്യമുള്ള പുണ്യ വിഗ്രഹങ്ങൾ നഷ്ടമായത് ഹൈന്ദവ സമൂഹത്തിന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് അഡ്ലൈഡിലെ ഇന്ത്യൻ-മലയാളി പ്രവാസി സമൂഹം കടുത്ത ദുഃഖത്തിലാണ്. വിഗ്രഹങ്ങൾ എത്രയും വേഗം വീണ്ടെടുക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമങ്ങളും ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയാക്കി ഹോൾഡൻ ഹിൽ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ പ്രദേശത്തെ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ 1800 333 000 എന്ന നമ്പറിലോ crimestopperssa.com.au എന്ന വെബ്‌സൈറ്റ് വഴിയോ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരങ്ങൾ അറിയിക്കുന്നവർ റഫറൻസ് നമ്പറായി 217357 രേഖപ്പെടുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *