മെസി വിവാദം: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും; പിടിച്ചെടുത്ത രേഖകൾ കോടതിയിൽ

കൊച്ചി: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ജിഎസ്ടി ഉദ്യോഗസ്ഥരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ നീക്കമുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.

സെപ്റ്റംബർ 16ന് റിപ്പോർട്ടർ ടിവിയുടെ കളമശേരിയിലെ ഓഫീസും ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളും ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ശേഖരിച്ച രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകും.

മെസി വിവാദവുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ ചിലത് നശിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ ഫോറൻസിക് പരിശോധനയിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടും. രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും പരിശോധനയ്ക്കും മുൻ മന്ത്രിയുടെ ചോദ്യം ചെയ്യലിനും ശേഷം ജിസിഡിഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.

മെസി-അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് രണ്ടാം പ്രതി. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *