ചങ്ങനാശേരി: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായം ലഭിക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയായിരുന്നാലും അർഹതയുണ്ടെങ്കിൽ സഹായം ലഭിക്കും. ഇതിനുപുറമേ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയവർക്കും 10,000 രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അർഹരായ ഒരാൾക്കും സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായും പൂർണമായും ഭാഗികമായും തകർന്ന വീടുകൾ ഉൾപ്പെടെ എല്ലാ നഷ്ടങ്ങളും കൃത്യമായി രേഖപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്ത് ഒഴുക്കു വർധിപ്പിക്കുന്ന നടപടികൾ മഴയ്ക്ക് ശേഷം ആരംഭിക്കും. 2018ലെ പ്രളയത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തി. ക്യാമ്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവർ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം, കുടിവെള്ളം, ചികിത്സ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ചങ്ങനാശേരി ളായിക്കാട് സെൻറ് ജോസഫ്സ് എൽ.പി. സ്‌കൂൾ, ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് അന്തേവാസികളുമായി സംസാരിച്ച മന്ത്രിയോടൊപ്പം വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി, തഹസിൽദാർമാരായ സാജൻ സി. വർഗീസ്, എബി ഏബ്രഹാം എന്നിവരും ഉണ്ടായിരുന്നു

