ഗുരുവായൂർ: മുൻ കാമുകിയെ വകവരുത്താൻ പെൺവേഷം ധരിച്ചെത്തിയ യുവാവും നാല് കൂട്ടാളികളും ഗുരുവായൂർ ടെംപിൾ പോലീസിന്റെ പിടിയിലായി. തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, ചോലമറ്റത്തിൽ പ്രസാദ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രദേശത്ത് പെൺവേഷമണിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ നടക്കുകയായിരുന്ന പ്രസാദിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പദ്ധതിയുടെ ചുരുളഴിഞ്ഞത്. പ്രസാദ് നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചതിനെ തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന തൊടുപുഴ രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും 16 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തൃശൂരിലേക്ക് താമസം മാറിയ, നേരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രസാദ് പ്രണയത്തിലായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇവർ ബന്ധം വേർപിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. യുവതി താമസിച്ചിരുന്ന ലോഡ്ജിൽ പെൺവേഷത്തിൽ പ്രവേശിച്ച് അപായപ്പെടുത്തുകയായിരുന്നു പ്രസാദിന്റെ ലക്ഷ്യം. പിടിയിലായ പ്രസാദ് മുൻപും മറ്റ് ചില ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ പിടിയിലായ മറ്റ് നാലുപേർക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

