പൊതുഉത്സവങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കണം; ലഹരിക്കെതിരെയുള്ള പ്രതിരോധമാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: വള്ളംകളി ഉൾപ്പെടെയുള്ള പൊതുഉത്സവ പരിപാടികളിൽ യുവതയുടെ പങ്കാളിത്തം ഉറപ്പാക്കി വിപുലമാക്കണമെന്നും അതിലൂടെ ലഹരിയും ഇതര സാമൂഹിക വിപത്തുകളിൽ നിന്നും അവരെ വഴിതിരിച്ചുവിടാമെന്നും തൊഴിൽ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓഗസ്റ്റ് 28-ന് നടക്കുന്ന ശ്രീനാരായണ ട്രോഫി – കന്നേറ്റി വള്ളംകളിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ സാംസ്കാരികതനിമയും പാരമ്പര്യവും വിളിച്ചോതുന്ന കന്നേറ്റി ജലോത്സവം പ്രാദേശിക വികസന സാധ്യതകളും വിപുലമാക്കുമെന്നും ഇത്തരം ഉത്സവങ്ങളിലൂടെ രൂപപ്പെടുന്ന പൊതുകൂട്ടായ്മ നാടിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ജലോത്സവത്തിലേക്ക് പരമാവധി കാണികളെ എത്തിക്കാൻ വിപുലമായ പ്രചാരണ പരിപാടികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ, കഴിഞ്ഞ വർഷത്തെ വള്ളംകളിയിൽ ഒന്നാം സ്ഥാനം ഫോട്ടോ ഫിനിഷിലൂടെ പങ്കിട്ടുനേടിയ സംഘം കന്നേറ്റി ബോട്ട് ക്ലബ് ക്യാപ്റ്റൻ നാസർ പോച്ചയിലിന് മന്ത്രി എവർ റോളിംഗ് ട്രോഫി കൈമാറി. സി. ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി. സോമരാജൻ, വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊണ്ടോടിയിൽ മണികണ്ഠൻ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്റ്റൻ എസ്. പ്രവീൺകുമാർ, നഗരസഭാ- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജലോത്സവ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *