വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിട്ട് 7 മാസം; ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം, നിരാശയോടെ സഞ്ചാരികൾ

വാഗമൺ: വാഗമണ്ണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് ഏഴ് മാസം പിന്നിടുന്നു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ അഡ്വഞ്ചർ ടൂറിസം കേന്ദ്രം അടഞ്ഞുകിടക്കുന്നതിലൂടെ സംസ്ഥാന ടൂറിസം വകുപ്പിന് കോടികളുടെ വരുമാന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 19-നാണ് പാലം അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചത്. പണികൾ പൂർത്തിയാക്കി സുരക്ഷാ പരിശോധനകൾക്ക് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ അന്ന് അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പാലം തുറന്നുനൽകാൻ നടപടിയായിട്ടില്ല.

കരാർ കമ്പനികൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയത്. അഡ്വഞ്ചർ പാർക്കിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ ഭാരത് മാതാ വെഞ്ചേഴ്സ്, ഗ്ലാസ് ബ്രിഡ്ജിന്റെ ഉപകരാർ ക്യാപ്ചർ ഡേയ്സ് എന്ന കമ്പനിക്കാണ് നൽകിയിരുന്നത്. പാലം ബലപ്പെടുത്തിയ ശേഷം മുന്നൂറോളം പേരെ ഒരേസമയം കയറ്റി സുരക്ഷാ പരിശോധന (ടെസ്റ്റ് റൺ) നടത്തണമെന്ന നിർദ്ദേശം പാലിച്ചില്ലെന്ന് കാണിച്ച് ഉപകരാർ കമ്പനിയെ പുറത്താക്കണമെന്ന് ഭാരത് മാതാ വെഞ്ചേഴ്സ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ വിവരം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നാണ് ക്യാപ്ചർ ഡേയ്സ് അധികൃതരുടെ വാദം.

തർക്കം രൂക്ഷമായതോടെ ക്യാപ്ചർ ഡേയ്സ് പ്രതിനിധികൾ ഈ മേഖലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഭാരത് മാതാ വെഞ്ചേഴ്സ് കോടതി ഉത്തരവ് സമ്പാദിച്ചു. ഇതോടെ ഇരു കമ്പനികളും തമ്മിലുള്ള നിയമപോരാട്ടം ശക്തമാവുകയും പാലം തുറക്കുന്നത് നീളുകയുമായിരുന്നു. വേനലവധിക്കാലത്ത് ഉൾപ്പെടെ വലിയ തോതിൽ സഞ്ചാരികൾ എത്തിയ വാഗമണ്ണിൽ, പ്രമുഖ സാഹസിക വിനോദകേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജ് കാണാനാകാതെ മടങ്ങേണ്ടി വന്നത് ടൂറിസ്റ്റുകൾക്കും വലിയ നിരാശയാണ് സമ്മാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *