തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര സമുദ്ര-തുറമുഖ വികസനം ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’ സാക്ഷാത്കരിക്കുന്നതിനായുള്ള 2026-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. പദ്ധതിക്കെതിരെ ഉയരുന്ന രാഷ്ട്രീയ എതിർപ്പുകളെയും വികസന വിരുദ്ധ നിലപാടുകളെയും സർക്കാർ കർശനമായി തള്ളി.
മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കൊണ്ടുവന്ന ഘട്ടത്തിൽ അതിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം ആരോപിച്ച് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും, പദ്ധതിയെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച് പ്രമുഖപാര്‍ട്ടി മാധ്യമവും രംഗത്തെത്തിയിരുന്നു. അതേ വിഭാഗമാണ് ഇപ്പോൾ മിഷൻ സമുദ്ര പദ്ധതിയെയും എതിർക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഉമ്മൻ ചാണ്ടി സർക്കാർ അന്ന് തലകുനിച്ചില്ലെന്നും, സമാനമായ രീതിയിൽ നിലവിലെ സർക്കാരും ഒരു തരത്തിലുള്ള വികസനവിരുദ്ധ സമ്മർദ്ദങ്ങൾക്കും വഴങ്ങുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.

