മൂന്നാർ: ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ മീശപ്പുലിമലയിൽ പൂത്തുലഞ്ഞ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കി വനം വകുപ്പ്. പ്രതിദിനം 750 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ‘കുറിഞ്ഞി ആപ്പ്’ വഴിയോ www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയോ മുൻകൂട്ടി പാസ് എടുത്തവർക്ക് മാത്രമേ പ്രവേശനം സാധ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
മൂന്നാർ സൈലന്റ് വാലി റോഡിലെ കോർപറേഷൻ ഓഫീസിൽനിന്ന് 28 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിനായി വനം വകുപ്പ് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി ഉൾപ്പെടെ ഒരാൾക്ക് 1475 രൂപയാണ് യാത്രാ നിരക്ക്. രാവിലെ ആറ് മണി മുതൽ സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങും. മീശപ്പുലിമലയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 60 പേർക്ക് സ്ലീപ്പിംഗ് ബാഗുകൾ അടക്കമുള്ള ടെന്റ് സ്റ്റേ സൗകര്യവും, റോഡോ മാൻഷനിൽ 18 പേർക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നു നേരത്തെ ഭക്ഷണം ഉൾപ്പെടുന്ന ഇക്കോ ടൂറിസം പാക്കേജിന് ഒരാൾക്ക് 4500 രൂപയാണ് ചാർജ്.
സമുദ്രനിരപ്പിൽ നിന്ന് 2,640 മീറ്റർ (8661 അടി) ഉയരത്തിലുള്ള മലനിരകളിലേക്ക് ഏഴ് കിലോമീറ്റർ ഓഫ് റോഡ് യാത്ര ഉൾപ്പെടുന്ന ട്രക്കിങ് പാതയോരങ്ങളിൽ ഉടനീളം കുറിഞ്ഞി പൂക്കൾ കാണാം. പുൽമേടുകളിലെ വരയാടുകളും മലമുകളിലെ മനോഹരമായ സൂര്യോദയവും കുറിഞ്ഞി വസന്തവും സഞ്ചാരികൾക്ക് വേറിട്ട കാഴ്ചാനുഭവമാണ് പകരുന്നത്. അതേസമയം, പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. സഞ്ചാരികൾ വനം വകുപ്പ് നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്നും പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി വസ്തുക്കൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വരയാടുകൾ അടക്കമുള്ള വന്യമൃഗങ്ങളെയും അപൂർവ്വയിനം ജീവികളെയും ശല്യം ചെയ്യാനോ ഭക്ഷണം നൽകാനോ പാടില്ലെന്നും അറിയിപ്പിലുണ്ട്.

