പോക്സോ കേസ് പ്രതിക്ക് വീടുകയറി വെട്ടേറ്റു; നില ഗുരുതരം, ആക്രമണത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുവെന്ന് സൂചന

വടകര: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് ഗുരുതരമായി വെട്ടേറ്റത്. കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

സ്വന്തം വീടിനോട് ചേർന്ന് കട നടത്തുന്ന നാസർ, സാധനങ്ങൾ വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നേരത്തെ പിടിയിലായത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് വീട്ടിനുള്ളിൽ കയറിയുള്ള ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *