അഡ്ലെയ്ഡ്: സ്വന്തം മകന് കാൻസറാണെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്ത ഓസ്ട്രേലിയൻ സ്വദേശിനിക്ക് നാല് വർഷത്തിലധികം തടവുശിക്ഷ വിധിച്ചു. സൗത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള 45 വയസ്സുകാരിയെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് അമ്മയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ആറ് വയസ്സുകാരനായ മകന് കണ്ണിന് കാൻസറാണെന്ന് വിശ്വസിപ്പിക്കാൻ ക്രൂരമായ നടപടികളാണ് ഈ സ്ത്രീ സ്വീകരിച്ചിരുന്നത്. കുട്ടിയുടെ തലമുടിയും പുരികവും ഷേവ് ചെയ്യുകയും, റേഡിയേഷൻ ചികിത്സ നടക്കുന്നുണ്ടെന്ന് കാണിക്കാൻ എപ്പോഴും തലയിലും കൈകളിലും ബാൻഡേജ് കെട്ടുകയും ചെയ്തിരുന്നു. ജനങ്ങളെ വിശ്വസിപ്പിക്കാനായി കുട്ടിയെ വീൽചെയറിലാണ് കൊണ്ടുപോയിരുന്നത്. കൂടാതെ, ആവശ്യമില്ലാത്ത മരുന്നുകളും സപ്ലിമെന്റുകളും കുട്ടിയ്ക്ക് നൽകിയിരുന്നതായും കോടതി കണ്ടെത്തി.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്കൂൾ അധികൃതരെയും കബളിപ്പിച്ച് ഇവർ വൻതോതിൽ പണം സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് ആഡംബര വസ്തുക്കൾ വാങ്ങുകയും വലിയ രീതിയിലുള്ള ജീവിതസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. “ക്രൂരവും വഞ്ചനാപരവുമായ നടപടി” എന്നാണ് കേസ് പരിഗണിച്ച ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. സ്വന്തം മകനെ പണം തട്ടാനുള്ള വെറുമൊരു ഉപകരണമായി ഇവർ ഉപയോഗിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കോവിഡ് കാലത്തിന് ശേഷം തനിക്ക് ചൂതാട്ടത്തിന് (Gambling) അടിമപ്പെട്ടുവെന്നും സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ഇവർക്ക് ‘ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ’ ഉള്ളതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ താൻ തകർന്നുപോയെന്നും തന്റെ ഭാര്യ തന്നെയും കുട്ടികളെയും ഒരു ചതുരംഗ കരുവിനെപ്പോലെ ഉപയോഗിക്കുകയായിരുന്നുവെന്നും ഭർത്താവ് വികാരനിർഭരമായ മൊഴി നൽകി. നാല് വർഷവും മൂന്ന് മാസവും തടവുശിക്ഷ ലഭിച്ച ഇവർക്ക് അടുത്ത ഏപ്രിലിൽ പരോളിന് അപേക്ഷിക്കാനാകും.

