പിഞ്ചുബാലികയുടെ കൊലപാതകം; ആലീസ് സ്പ്രിങ്‌സിൽ പ്രതിഷേധം ഇരമ്പുന്നു; ആശുപത്രിക്ക് മുന്നിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി

ആലീസ് സ്പ്രിങ്‌സ്: ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിങ്‌സിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായതിന് പിന്നാലെ നഗരത്തിൽ വൻ സംഘർഷം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ജെഫേഴ്സൺ ലൂയിസ് എന്നയാളെ വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാർ കണ്ടെത്തി ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ പ്രകോപിതരായ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി.

സാംസ്കാരികമായ കാരണങ്ങളാൽ ‘കുമാഞ്ചയി ലിറ്റിൽ ബേബി’ എന്ന് വിളിക്കപ്പെടുന്ന പെൺകുട്ടിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കാണാതായത്. വ്യാഴാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ നഗരത്തിൽ പ്രതിഷേധം അണപൊട്ടി. ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം പോലീസിന് നേരെ കല്ലും മറ്റ് വസ്തുക്കളും എറിഞ്ഞു. പ്രതിയെ തങ്ങൾക്ക് വിട്ടുതരണമെന്നും ഗോത്രനിയമപ്രകാരമുള്ള ‘പേബാക്ക്’ (Payback) ശിക്ഷ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആക്രമണത്തിൽ നിരവധി പോലീസുകാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിയെ പിന്നീട് ആലീസ് സ്പ്രിങ്‌സിൽ നിന്നും വിമാനമാർഗ്ഗം ഡാർവിനിലെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. പ്രതിക്ക് രക്ഷപ്പെടാൻ സഹായം നൽകിയവർക്കായി തിരച്ചിൽ തുടരുകയാണെന്നും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും നോർത്തേൺ ടെറിട്ടറി പോലീസ് കമ്മീഷണർ മാർട്ടിൻ ഡോൾ പറഞ്ഞു. പ്രതിയെ പിടികൂടിയ സാഹചര്യത്തിൽ ജനങ്ങൾ ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും പെൺകുട്ടിയുടെ മുത്തച്ഛൻ റോബിൻ ഗ്രാനൈറ്റ്സ് അഭ്യർത്ഥിച്ചു.

കുട്ടിയെ കാണാതാകുന്നതിന് ആറ് ദിവസം മുൻപാണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയതെന്ന് പോലീസ് അറിയിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സന്നദ്ധപ്രവർത്തകർ ദിവസങ്ങളോളം തെരച്ചിലിൽ പങ്കാളികളായിരുന്നു. കുട്ടിയുടെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിൽ കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *