ബെർലിൻ: അഞ്ച് ആഴ്ചയിലധികം ജർമ്മൻ തീരത്തെ ആഴം കുറഞ്ഞ വെള്ളത്തിൽ കുടുങ്ങിക്കിടന്ന കൂനൻ തിമിംഗലത്തെ (Humpback Whale) അതിസാഹസികമായി കടലിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ജർമ്മനിയിലെ മെക്ലെൻബർഗ്-വോർപ്പോമ്മേൺ സംസ്ഥാനത്തെ പരിസ്ഥിതി മന്ത്രി ടിൽ ബാക്ക്ഹോസിന്റെ നേതൃത്വത്തിൽ നടന്ന ദൗത്യത്തിൽ, ഒരു ബാർജ് (ചരക്കുബോട്ട്) ഉപയോഗിച്ചാണ് തിമിംഗലത്തെ വടക്കൻ കടലിലേക്ക് (North Sea) എത്തിക്കുന്നത്.
രണ്ട് ജർമ്മൻ വ്യവസായികൾ സാമ്പത്തിക സഹായം നൽകിയ ഈ ദൗത്യം ജർമ്മനിയിലുടനീളം വലിയ താൽപ്പര്യത്തോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്. ‘ഹോപ്പ്’ (Hope) എന്നും ‘തിമ്മി’ എന്നും പേരിട്ടു വിളിക്കുന്ന ഈ തിമിംഗലത്തെ ചൊവ്വാഴ്ചയാണ് പ്രത്യേകം സജ്ജീകരിച്ച ബാർജിലേക്ക് വിജയകരമായി കയറ്റിയത്. ബാർജിൽ ഇരിക്കെ തിമിംഗലം രാത്രിയിൽ പാട്ടു പാടിയെന്നും ആരോഗ്യവാനായി കാണപ്പെടുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജർമ്മൻ സമുദ്രപരിധി പിന്നിട്ട തിമിംഗലവും വഹിച്ചുകൊണ്ടുള്ള കപ്പൽ ഡാനിഷ് തീരത്തുകൂടി വടക്കൻ കടലിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ മാസം ആദ്യമാണ് ഈ തിമിംഗലം ആദ്യമായി ജർമ്മൻ തീരത്ത് കാണപ്പെട്ടത്. മാർച്ച് 23-ന് ലൂബെക്ക് ഉൾക്കടലിലെ തിമ്മെൻഡോർഫർ ബീച്ചിൽ ഇത് കരയ്ക്കടിഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൂയൽ (Poel) ദ്വീപിന് സമീപത്തെ ആഴം കുറഞ്ഞ ഭാഗത്ത് 29 ദിവസത്തോളം ഇത് കുടുങ്ങിക്കിടക്കുകയായിരുന്നു. വലകളിൽ കുടുങ്ങിയതിനെത്തുടർന്നാണ് തിമിംഗലം അവശനായതെന്ന് കരുതപ്പെടുന്നു.
ദൗത്യം ആവേശകരമായി തുടരുമ്പോഴും സമുദ്രശാസ്ത്രജ്ഞരും വന്യജീവി സംഘടനകളും ആശങ്കയിലാണ്. വെള്ളത്തിലെ ഉപ്പിന്റെ അളവ് കുറവായതിനാൽ തിമിംഗലത്തിന്റെ ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ആഴക്കടലിലെത്തിയാലും ഇത് അതിജീവിക്കാൻ സാധ്യത കുറവാണെന്നും ‘വെയ്ൽ ആൻഡ് ഡോൾഫിൻ കൺസർവേഷൻ’ (WDC) മുന്നറിയിപ്പ് നൽകി. എന്നാൽ തിമിംഗലത്തിന്റെ അതിജീവിക്കാനുള്ള കഠിനമായ ആഗ്രഹമാണ് ദൗത്യവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

